കുവൈത്തിലെ വിഷമദ്യ ദുരന്തം; മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്

കുവൈത്തില്‍ വിഷമദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിരവധി പേര്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കി.

കുവൈത്തില്‍ വിഷമദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമ നടപടികള്‍ പൂര്‍ത്തിയാക്കണ്ടതുണ്ട്. മരിച്ചവരില്‍ ആറ് മലയാളികളും ഉള്‍പ്പെടുന്നതായാണ് അനൗദ്യോഗിക വിവരം.

നാല് തമിഴ്നാട് സ്വദേശികള്‍ക്കും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ക്കും ജീവന്‍ നഷ്ടമായി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുന്നു. അതുകൊണ്ട് തന്നെ മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ചികിത്സയിൽ കഴിയുന്ന പലരുടെയും കിഡ്‌നി തകരാറിലായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നാട്ടിലുളളവര്‍ക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സേവനവും എംബസി ലഭ്യമാക്കുന്നുണ്ട്.

വ്യാജമദ്യം നിര്‍മ്മിച്ചവരെയും വില്‍പ്പന നടത്തിയരെയുമടക്കം നിരവധി പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കൂടുതല്‍ വ്യാജ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനയും ശക്തമാണ്. മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതാണ് മരണ കാരണം എന്നാണ് കണ്ടെത്തല്‍. ഇതുവരെ 63 പേരാണ് വിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയത്. മലയാളികള്‍ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം.

Content Highlights: Bodies of expats who died from poisoned alcohol in Kuwait are being repatriated.

To advertise here,contact us