ട്രാഫിക് നിയമത്തിൽ ഭേദ​ഗതിയുമായി ബഹ്റൈൻ; അപകടങ്ങളുടെ ​ഗൗരവം കണക്കിലാക്കി പിഴ ചുമത്തും

ബഹ്റൈനിൽ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്

ട്രാഫിക് നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ച് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം. ഇനി മുതല്‍ അപകടങ്ങളുടെ ​ഗൗരവം അനുസരിച്ചു കനത്ത പിഴ ചുമത്തും. നൂതനവും ആധുനികവുമായ രീതികള്‍ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ കാമ്പയനുകള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

ബഹ്റൈനിൽ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കും. അപകടകരമായ ഡ്രൈവിംഗ് രീതികള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ട്രാഫിക് നിയമം പുനപരിശോധിക്കുകയും നിയമം കര്‍ശനമാക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയ നിയമഭേദഗതി പ്രകാരം ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. മദ്യപിച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്‌നല്‍ മറികടക്കുക, അമിതവേഗത, തെറ്റായ ദിശയില്‍ യാത്ര ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയും ചുമത്തും. അപകടങ്ങളില്‍ മരണമോ പരുക്കോ സംഭവിക്കുകയാണെങ്കില്‍ പിഴ വര്‍ദ്ധിപ്പിക്കും. ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ ഭാഗമായി നിരവധി ബോധവല്‍ക്കരണ പരിപാടികളും രാജ്യവ്യാപകമായി സംഘടിപ്പിക്കും. നൂതനവും ആധുനികവുമായ രീതികള്‍ ഇതിനായി ഉപയോഗിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇത്തരം ക്യാമ്പയിനിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലത്തിന്റെ വിലയിരുത്തല്‍.

Content Highlights: Sweeping reforms to Traffic Law announced in Bahrain

To advertise here,contact us