കുവൈത്തില് സുരക്ഷാ പരിശോധനയില് 18 നിയമലംഘകര് അറസ്റ്റില്. താമസ തൊഴില് നിയമങ്ങള് ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനുള്ള പരിശോധന കൂടുതല് ശക്തമാക്കുകയാണ് ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി കുവൈത്തിലെ വിവിധ മേഖലകളില് വ്യാപക പരിശോധനയാണ് സുരക്ഷാ സേന നടത്തിവരുന്നത്. അഹ്മദി ഗവര്ണറേറ്റില് നടന്ന സുരക്ഷാ പരിശോധനയില് 18 പേര് അറസ്റ്റിലായി.
തൊഴില് നിയമങ്ങള് ലംഘിച്ച ആറ് പേര്, താമസരേഖാ കാലാവധി കഴിഞ്ഞ നാല് പേര്, തൊഴിലുടമകളില് നിന്ന് ഒളിച്ചോടിയതായി റിപ്പോര്ട്ട് ചെയ്യപ്പെട്ട അഞ്ച് പേര് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സന്ദര്ശക വിസയുടെ കാലാവധി കഴിഞ്ഞ മൂന്ന് പേരെയും പിടികൂടി. തിരിച്ചറിയല് രേഖകള് ഹാജരാക്കാന് കഴിയാത്ത 12 പേരെയും കസ്റ്റഡിയിലെടുത്തു. ക്രിമിനല് കേസില് പിടികിട്ടാപ്പുള്ളിയായിരുന്ന ഒരാളെയും പരിശോധനയില് പിടികൂടി.
അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് മേജര് ജനറല് ഹമദ് അല് മുനിഫി, ബ്രിഗേഡിയര് ജനറല് ഹുസൈന് ദഷ്തി എന്നിവര് നേതൃത്വം നല്കി. നിയമ ലംഘകരായ നിരവധി പ്രവാസികള് രാജ്യത്ത് തുടരുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും പരിശോധന കൂടുതല് ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
Content Highlights: 18 people arrested for violating labor laws in Kuwait