കുവൈത്തിൽ കാലാവധി കഴിഞ്ഞ നാല് ടൺ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

നിരവധി ഉപഭോക്താക്കളാണ് കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ കൃത്രിമത്വം അറിയാതെ വാങ്ങിയത്

കുവൈത്തില്‍ കാലാവധി കഴിഞ്ഞ നാല് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ചില വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വിവിധ ഭക്ഷ്യവസ്തുക്കളുടെ കാലഹരണപ്പെട്ട തീയതികളില്‍ കൃത്രിമം കാണിച്ചതായി പരിശോധനയില്‍ കണ്ടെത്തി. പല കേസുകളിലും കാലാവധി തീയതികള്‍ മായ്ച്ചു കളയുകയും യഥാര്‍ത്ഥ തീയതിക്ക് മുകളില്‍ വ്യാജ തീയതികളുള്ള പുതിയ ലേബലുകള്‍ പതിക്കുകയും ചെയ്തിരുന്നു. ചില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ രണ്ട് തീയതികള്‍ രേഖപ്പെടുത്തിയിരുന്നതായും പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ വിഭാഗം കണ്ടെത്തി.

നിരവധി ഉപഭോക്താക്കളാണ് കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ കൃത്രിമത്വം അറിയാതെ വാങ്ങിയത്. മധുരപലഹാരങ്ങള്‍, ചീസുകള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നാല് ടണ്‍ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തത്. ഈ സാധനങ്ങളില്‍ കൃത്രിമം കാണിച്ചതിന്റെ വ്യക്തമായ അടയാളങ്ങളുണ്ടായിരുന്നു.

ചില ഉല്‍പ്പന്നങ്ങളുടെ കാലാവധി തീയതി അഞ്ച് മാസം മുതല്‍ ഒരു വര്‍ഷം വരെ കൃത്രിമമയാി നീട്ടിയതായും പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ വിഭാഗം കണ്ടെത്തി. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലേബലുകള്‍ കൃത്യമായി പരിശോധിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Content Highlights: Four tons of expired food seized in Kuwait

To advertise here,contact us