നിയമലംഘനത്തിന് നാടുകടത്തിയത് 19,000 പ്രവാസികളെ; കണക്ക് പുറത്തുവിട്ട് കുവൈത്ത്

ഇതില്‍ കൂടുതൽപേരും താമസ-തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായവരാണ്

രാജ്യത്തെ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ 19,000 പ്രവാസികളെ ഈ വര്‍ഷം നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് വ്യാപകപരിശോധന തുടരുകയുമാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജുലൈ അവസാനം വരെയുളള മാസങ്ങളിലായിട്ടാണ് 19,000 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയത്. താമസ-തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായവരാണ് ഇതില്‍ കൂടുതൽപേരും.

സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവര്‍, തെരുവു കച്ചവടക്കാര്‍, യാചകര്‍, ലഹരിമരുന്നും മദ്യവും ഉപയോഗിച്ചതിന് പിടിയിലായവര്‍ എന്നിവരയും നാടുകടത്തി. മറ്റ് വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലായവരും ഇതില്‍ ഉള്‍പ്പെടുന്നു. താമസ-തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന തുടരുകയാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന.

നിയമലംഘനങ്ങളുടെ പേരിൽ പിടിയിലാകുന്നവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് നാടുകടത്തുക. ഇത്തരക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം വിരലടയാളവും രേഖപ്പെടുത്തും. ഇവര്‍ക്ക് പീന്നീട് ഒരിക്കലും കുവൈത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.

Content Highlights: Kuwait deported 19,000 expatriates for violating laws

To advertise here,contact us