കുവൈറ്റിലെ നഴ്സ് ദമ്പതികളുടെ മരണം: 'രാത്രിയിൽ തർക്കവും നിലവിളിയും', കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്

കുവൈറ്റിലെ ജോലി അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് പോകാൻ ഇരുവരും നടപടി പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയിലാണ് സംഭവം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നഴ്സ് ദമ്പതികൾ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവായ സൂരജ് ഭാര്യ ബിൻസിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇരുവരും പരസ്പരം കുത്തി കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ ഇത് തെറ്റാണെന്ന് ചൂണ്ടികാട്ടിയാണ് പൊലീസ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കുവൈറ്റ് ആരോ​ഗ്യമന്ത്രാലയത്തിലെ ജീവനക്കാരായിരുന്നു. സൂരജ് ആരോ​ഗ്യ മന്ത്രാലയത്തിൻ്റെ തന്നെ കീഴിലുള്ള ബാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിൻ്റെ സ്റ്റാഫ് നേഴ്സുമായിരുന്നു.

കൊലപാതകം നടന്ന ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ വഴക്കിടുന്ന ശബ്ദം കേട്ടിരുന്നുവെന്നും ‌എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ ഇടപെടാൻ സാധിച്ചില്ലായെന്നും അയൽക്കാർ പറയുന്നു. ഇതിൽ ബിൻസിയുടെ നിലവിളിയും കരച്ചിലും ഇടയ്ക്ക് കേട്ടതായും അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ സംശയത്തെ തുടർന്ന് അയൽവാസികൾ വിവരം സെക്യൂരിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫർവാനിയ പൊലീസ് ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി ഇവരുടെ അപ്പാർട്ടമെൻ്റ് വാതിൽ തട്ടിയെങ്കിലും തുറന്നില്ല. പിന്നാലെ ഡോർ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തുന്നത്.

ബിൻസിയുടെ മൃതദേഹമാണ് ആദ്യം ഹാളിൽ കഴുത്തറുത്ത് നിലയിൽ കണ്ടെത്തിയത്. പിന്നാലെ സൂരജിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കുവൈറ്റിലെ ജോലി അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് പോകാൻ ഇരുവരും നടപടി പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയിലാണ് സംഭവം. ഇതിൻ്റെ ഭാ​ഗമായി ദമ്പതികൾ മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത ശേഷം കഴിഞ്ഞ ദിവസമാണ് കുവൈറ്റിലേക്ക് മടങ്ങിയെത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- 'Arguing and screaming at night'; Death of nurse couple in Kuwait was suicide followed by murder

To advertise here,contact us