കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്വീസ് എയര് ഇന്ത്യ എക്സ്പ്രസ് താല്ക്കാലികമായി വെട്ടിക്കുറച്ചു. നവംബര് മാസത്തില് മാത്രമാണ് സര്വീസ് നിര്ത്തലാക്കുന്നതെന്ന് എയര് ഇന്ത്യ അറിയിച്ചു. അടുത്ത മാസം ബുധനാഴ്ചകളിലെ യാത്രക്ക് ടിക്കറ്റ് എടുത്തവര്ക്ക് മറ്റ് ദിവസങ്ങളിലേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാമെന്നും എയര് ഇന്ത്യ അധികൃതര് അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ചകളിലെ സര്വീസ് നിലക്കുന്നതോടെ കുവൈറ്റ്-കോഴിക്കോട് എയര് ഇന്ത്യ എക്സ്പ്രസ് സര്വീസ് ആഴ്ചയില് നാലു ദിവസമായി ചുരുങ്ങും. അതേസമയം കുവൈറ്റില് നിന്നും കേരളത്തിലേക്കുള്ള അധിക ബാഗേജ് നിരക്കില് എയര് ഇന്ത്യ എക്സ്പ്രസ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫ് സീസണ് കാലയളവ് പരിഗണിച്ചാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.