കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധന കൂടുതല് ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന 350ഓളം പ്രവാസികളെ പുതിയതായി സുരക്ഷാ സേന പിടികൂടി. കഴിഞ്ഞ ആഴ്ചയും നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്തിരുന്നു.
നിയമ ലംഘകരായ 350ഓളം പ്രവാസികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില് സുരക്ഷാ സേന നടത്തിയ പരിശോധനയില് പിടിയിലായത്. ശുവൈഖ് ഇന്ഡസ്ട്രിയൽ മേഖല, മിര്ഖാബ്, ഫര്വാനിയ, സാല്മിയ, മുബാറക് അല് കബീര് എന്നിവിടങ്ങളിലായിരുന്നു പരിശോധന. താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരാണ് അറസ്റ്റിലായവരില് അധികവും. തൊഴില് നിയമ ലംഘനത്തിന്റെ പേരിലും നിരവധി പേര് പിടിയിലായി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് അല് സബാഹിന്റെ നിര്ദേശത്തെ തുടര്ന്നാണ് രാജ്യ വ്യാപകമായി പരിശോധന നടത്തുന്നത്. പരിശോധന ശക്തമായതോടെ രാജ്യത്ത് അനധികൃതമായി കഴിയുന്ന താമസക്കാരുടെ എണ്ണം വലിയ തോതില് കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില് നിന്ന് വിവിധ നിയമലംഘനങ്ങളുടെ പേരില് നാടുകടത്തിയവര് കൃത്രിമ മാര്ഗ്ഗങ്ങള് ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് തിരികെ എത്തുന്നതായി ആഭ്യന്തര മന്ത്രാലയം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി അതിര്ത്തി ചെക്ക് പോസ്റ്റുകളിലടക്കം പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണമാണ് ഏര്പ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക