കുവൈറ്റ് സിറ്റി: ഓണ്ലൈന് തട്ടിപ്പ് സംഘങ്ങള്ക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 48 മണിക്കൂറിനകം ലോണ് ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരുടെ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഓണ്ലൈന് തട്ടിപ്പിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിവിധ തരം ഓണ്ലൈന് തട്ടിപ്പുകള് രാജ്യത്ത് നടക്കുന്നതായാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ നിര്ദേശ പ്രകാരം സുരക്ഷാ സേന നടത്തിയ പരിശോധനയില് വിവിധ രാജ്യക്കാര് ഉള്പ്പെട്ട തട്ടിപ്പ് സംഘങ്ങള് പിടിയിലായി. അക്കൗണ്ട് ഇല്ലാതെ വിവിധ ബാങ്കുകളില് നിന്ന് 48 മണിക്കൂറിനകം ലോണുകള് ലഭിക്കുമെന്ന വാഗ്ദാനവുമായി സോഷ്യല് മീഡിയയില് പരസ്യം നല്കിയാണ് സംഘം തട്ടിപ്പ് നടത്തി വന്നത്. പരസ്യങ്ങളില് ആകൃഷ്ടരായി ബന്ധപ്പെടുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള് ഇവര് സ്വന്തമാക്കും.
മലയാളികള് ഉള്പ്പെടെ നിരവധി ആളുകളാണ് ഇത്തരക്കാരുടെ കെണിയില് വീണത്. അക്കൗണ്ടില് നിന്ന് പണം പിന്വലിച്ചതായുളള മെസേജ് ലഭിച്ചപ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയത്. ഇതിന്റെ കണ്ണികളായ എട്ട് പേരെയാണ് സുരക്ഷാ സേന അറസ്റ്റു ചെയ്തത്. ഇവര്ക്ക് രാജ്യാന്തര ബന്ധങ്ങള് ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലുളള കൂട്ടാളികളുമായി സഹകരിച്ച് മൊബൈല് ഫോണ് ആപ്പുകള് വഴി തട്ടിപ്പ് നടത്തിയിരുന്ന മറ്റൊരു സംഘവും സുരക്ഷാ സേനയുടെ പിടിയിലായി. വാണിജ്യ മന്ത്രാലയം, കണ്സ്യൂമര് പ്രൊട്ടക്ഷന് ഏജന്സി എന്നിവയുടെ പേ വെബ്സൈറ്റുകള് വ്യാജമായി നിര്മ്മിച്ചായിരുന്നു ഇക്കൂട്ടര് തട്ടിപ്പ് നടത്തി വന്നത്. ഓണ്ലൈന് തട്ടിപ്പുകാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി പരിശോധനയും ശക്തമാക്കി.