ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം; സൗദി കിരീടാവകാശിയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

ബഹ്‌റൈനോടും അവിടുത്തെ ജനങ്ങളോടും സൗദി അറേബ്യ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പിന്തുണയ്ക്കും വിവിധ മേഖലകളിലെ പങ്കാളിത്തത്തിനും ഹമദ് രാജാവ് സൗദി നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ റിയാദിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങൾ എല്ലാ മേഖലകളിലും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സമഗ്രമായി ചർച്ച ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ആശംസകൾ മുഹമ്മദ് ബിൻ സൽമാൻ ബഹ്‌റൈൻ രാജാവിനെ അറിയിച്ചപ്പോൾ, ബഹ്‌റൈൻ രാജാവും സൗദി രാജാവിനുള്ള തന്റെ സ്നേഹവും ആശംസകളും തിരികെ കൈമാറി.

ബഹ്‌റൈനോടും അവിടുത്തെ ജനങ്ങളോടും സൗദി അറേബ്യ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പിന്തുണയ്ക്കും വിവിധ മേഖലകളിലെ പങ്കാളിത്തത്തിനും ഹമദ് രാജാവ് സൗദി നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി. ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന നിരന്തരമായ നയതന്ത്ര ശ്രമങ്ങളെ ബഹ്‌റൈൻ രാജാവ് പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ബഹ്‌റൈനുമായുള്ള അടുത്ത ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണ മേഖലകൾ, ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനുള്ള വഴികൾ, ഗൾഫ് മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സംഭവവികാസങ്ങൾ എന്നിവ യോഗം വിലയിരുത്തി. കൂടിക്കാഴ്ചയിൽ സൗദി ഭാഗത്തുനിന്ന് റിയാദ് ഗവർണർ ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാരും ഉന്നത സൈനിക-ഭരണ ഉദ്യോഗസ്ഥരും പങ്കെടുത്തു. ബഹ്‌റൈനെ പ്രതിനിധീകരിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുൾപ്പെടുന്ന ഉന്നതതല സംഘമാണ് സംബന്ധിച്ചത്.

Content Highlights: Saudi Crown Prince Mohammed bin Salman and Bahrain’s King Hamad meet in Riyadh to discuss bilateral cooperation, regional developments and Gulf security

To advertise here,contact us