ഗൾഫ് മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികൾ നേരിടാനും വേഗത്തിലുള്ള സൈനിക വിന്യാസം സാധ്യമാക്കാനുമായി കുവൈറ്റിൽ 'ഫോർവേഡ് മിലിട്ടറി കമാൻഡ്' സ്ഥാപിക്കാൻ ജിസിസി പ്രതിരോധ കൗൺസിൽ ധാരണയിലെത്തി. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ചേർന്ന ജിസിസി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ 23-ാമത് സമ്മേളനത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. യോഗത്തിന് ശേഷം ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ-ബുദൈവിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജിസിസിയുടെ ഏകീകൃത സൈനിക കമാൻഡിന് കീഴിലായിരിക്കും കുവൈറ്റിലെ പുതിയ ആസ്ഥാനം പ്രവർത്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളിൽ മിന്നൽ വേഗത്തിൽ സൈനിക നീക്കം നടത്താനും സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാനും ഇത് വഴിയൊരുക്കും.
ഇറാഖ്, സൗദി അതിർത്തികളോടും ഇറാനോട് അഭിമുഖമായും സ്ഥിതി ചെയ്യുന്ന കുവൈറ്റിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം മുൻനിർത്തിയാണ് വടക്കൻ ഗൾഫിൽ പുതിയ കമാൻഡ് കേന്ദ്രം ഒരുക്കാൻ തീരുമാനിച്ചത്. ജിദ്ദ ഉച്ചകോടിയിൽ ഗൾഫ് ഭരണാധികാരികൾ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഉയർന്ന സൈനിക കൂട്ടായ്മയെയും ഏകോപനത്തെയും ജിസിസി സെക്രട്ടറി ജനറൽ പ്രശംസിച്ചു.
അതോടൊപ്പം, ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടക്കുന്ന ഇറാനിയൻ ആക്രമണങ്ങളെ ജിസിസി ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അൽ-ബുദൈവി, സൗദിയുടെ സുരക്ഷയും സ്ഥിരതയും മറ്റ് എല്ലാ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കൂട്ടിച്ചേർത്തു.
Content Highlights: GCC defence ministers approve a forward military command headquarters in Kuwait and the allocation of forces to strengthen joint Gulf security and defence coordination.