ആറ് ജിസിസി രാജ്യങ്ങളും ഒന്നിക്കുന്നു; സംയുക്ത റെയിൽവേ പദ്ധതി 56% പൂർത്തിയായി, സർവീസ് 2030 ഡിസംബറിൽ

യാത്രാ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും സർവീസ് നടത്തുക

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ 56 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. 2030 ഡിസംബറോടെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല യാത്രക്കാർക്കും ചരക്കുനീക്കത്തിനും പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുങ്ങുന്നത്.

പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ആറ് ജിസിസി രാജ്യങ്ങളും ബഹ്‌റൈനിൽ പൊതുധാരണാ കരാറിൽ ഒപ്പുവച്ചു. നവംബർ എട്ടിന് റിഫ അൽ സഹീർ പാലസിൽ നടന്ന ചടങ്ങിലായിരുന്നു കരാർ. അംഗരാജ്യങ്ങളിലെ ദേശീയ റെയിൽവേ ശൃംഖലകളെ ഏകീകൃതവും പരസ്പരം ബന്ധിപ്പിക്കാവുന്നതുമായ പ്രാദേശിക ശൃംഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. നിർമാണം, പ്രവർത്തനം എന്നിവ ഏകോപിപ്പിക്കുന്നതിനുള്ള പൊതുചട്ടക്കൂടും കരാർ ഉറപ്പാക്കും.

കുവൈത്തിൽനിന്ന് ആരംഭിക്കുന്ന റെയിൽവേ പാത സൗദി അറേബ്യയിലെ ദമ്മാമിലെത്തും. അവിടെനിന്ന് ബഹ്‌റൈനും ഖത്തറിലേക്കും നീളും. തുടർന്ന് സൗദിയിൽനിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്ന പാത അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലൂടെ കടന്നുപോകും. പിന്നീട് ഒമാനിലെ സോഹാർ വഴി മസ്കറ്റിലെത്തും. യാത്രാ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും സർവീസ് നടത്തുക. 2045 ആകുമ്പോഴേക്കും എട്ട് മില്യണിലധികം യാത്രക്കാരെയും 95 മില്യൺ ടൺ ചരക്കുകളും കൈകാര്യം ചെയ്യാൻ റെയിൽവേ ശൃംഖലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സൗദി അതിർത്തിയിലേക്കുള്ള റെയിൽവേ പാതയുടെ നിർമാണം യുഎഇ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. യുഎഇയും ഒമാനും ചേർന്ന് 238 കിലോമീറ്റർ ദൈർഘ്യമുള്ള ഹഫീത് റെയിൽ പദ്ധതിയും നടപ്പാക്കിവരികയാണ്. ഒമാനിലെ സോഹാറിനെ യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. പ്രാദേശിക സമുദ്രഗതാഗതത്തിലുണ്ടായ തടസ്സങ്ങളും ചരക്കുനീക്കത്തിന്റെയും ഇൻഷുറൻസിന്റെയും ചെലവുകൾ വർധിച്ചതും ഗൾഫ് രാജ്യങ്ങൾക്കിടയിൽ ബദൽ ഗതാഗത മാർഗങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വർധിപ്പിച്ചതായി അൽ ബുദൈവി പറഞ്ഞു. മനാമയിൽ നടന്ന ജിസിസി ഗതാഗത മന്ത്രിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇറാന്റെ ആക്രമണങ്ങൾക്കിടെ ചരക്കുനീക്കത്തിന് ബദൽ പാതകൾ ഒരുക്കുന്നതിൽ സഹായിച്ച യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഈ നീക്കങ്ങൾ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള ചരക്കുവിതരണം തടസ്സമില്ലാതെ തുടരാനും വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാനും സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഗതാഗത ശൃംഖലകളുടെ ഏകീകരണവും ബദൽ വിതരണ മാർഗങ്ങളുടെ വികസനവും ഭാവിയിലെ പ്രതിസന്ധികളെ നേരിടാനും വിപണിയുടെ സ്ഥിരത നിലനിർത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025ൽ ജിസിസി രാജ്യങ്ങളിലെ ഗതാഗത-സംഭരണ മേഖലയിൽ 5.7 ശതമാനം യഥാർഥ വളർച്ച രേഖപ്പെടുത്തിയതായും അൽ ബുദൈവി അറിയിച്ചു. മേഖലയിലെ അതിവേഗം വളരുന്ന എണ്ണയിതര സാമ്പത്തിക മേഖലകളിലൊന്നായി ഈ രംഗം മാറിയിട്ടുണ്ട്.

Content Highlights: The GCC railway project connecting six Gulf countries has reached 56 per cent completion, with passenger services scheduled to begin in December 2030.

To advertise here,contact us