പ്രവാസി മലയാളികൾക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വേൾഡ് മലയാളി ഫെഡറേഷൻ നോർക്ക അധികൃതർക്ക് നിവേദനം നൽകി. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ നോർക്ക ജനറൽ മാനേജർ പ്രകാശ് ജോസഫിന് നിവേദനം കൈമാറി.
പ്രീമിയം നിരക്കുകളിലെ അപ്രതീക്ഷിത വർധന സാധാരണക്കാരായ പ്രവാസികൾ, വിരമിച്ചവർ, മുതിർന്ന പൗരന്മാർ, സ്ഥിരമായി ചികിത്സ തേടുന്നവർ തുടങ്ങിയവർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മറ്റ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് നോർക്ക കെയറിനെ ആശ്രയിച്ചവർക്കും പുതിയ നിരക്ക് വർധന തിരിച്ചടിയായിട്ടുണ്ട്.
പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കുക, അർഹരായവർക്ക് സബ്സിഡിയോ പ്രത്യേക ഇളവുകളോ അനുവദിക്കുക, പോളിസി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷൻ മുന്നോട്ടുവെച്ചു. പ്രവാസികളുടെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
Content Highlights: The World Malayalee Federation has submitted a petition demanding the withdrawal of the increased Norka Care insurance premium.