ഇന്ത്യ, ചെെന, തായ്ലാന്റ് എന്നീ രാജ്യങ്ങളിൽ നിന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക വിഭാഗം പേപ്പറുകൾക്കെതിരെ ഡംപിങ് വിരുദ്ധ അന്വേഷണം പ്രഖ്യാപിച്ചു. റോൾ രൂപത്തിലോ ചതുരാകൃതിയിലുള്ള ഷീറ്റുകളായോ ഇറക്കുമതി ചെയ്യുന്ന കോട്ടിങ് ചെയ്യാത്ത എഴുത്ത്, പ്രിന്റിങ്, ഗ്രാഫിക് പേപ്പറുകളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നത്.
അന്താരാഷ്ട്ര വ്യാപാരത്തിലെ ഹാനികരമായ രീതികൾ തടയുന്നതിനുള്ള ജിസിസിയുടെ സ്ഥിരം സമിതിയാണ് അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്. ജിസിസി ജനറൽ സെക്രട്ടറിയേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സാങ്കേതിക സെക്രട്ടേറിയേറ്റിന്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ പരിധിയിലുള്ള ഉൽപ്പന്നങ്ങളുടെയും നടപടിക്രമങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയ അറിയിപ്പ് നവംബർ രണ്ടിന് പ്രസിദ്ധീകരിച്ച സാങ്കേതിക സെക്രട്ടേറിയേറ്റിന്റെ ഔദ്യോഗിക ബുള്ളറ്റിൻ 59 ആം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിസിസിയുടെ ആൻ്റി ഡംപിങ്, കൗണ്ടർവെയിലിങ് നടപടികൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച പൊതുനിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും ലോക വ്യാപാര സംഘടനയുടെ ആൻ്റി ഡംപിങ് കരാറിനും അനുസൃതമായാണ് അന്വേഷണം നടത്തുന്നതെന്ന് സാങ്കേതിക സെക്രട്ടേറിയറ്റ് ഡയറക്ടർ ജനറൽ മഹ്ഫൂദ് അൽ റഖാദി അറിയിച്ചു. അന്വേഷണ പ്രഖ്യാപനത്തിലൂടെ താൽപ്പര്യമുള്ള എല്ലാ കക്ഷികൾക്കും ഓരോ ഘട്ടത്തിലും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും വിശദീകരണങ്ങൾ സമർപ്പിക്കാനും അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: The GCC has launched an anti-dumping investigation into imports of uncoated writing, printing and graphic paper originating from or exported by India, China and Thailand.