US ഉപരോധം: അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായി ഇറാന്‍ വിമാനക്കമ്പനികള്‍

ഇറാന്‍ വിമാനക്കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായി ഇറാന്‍ വിമാനക്കമ്പനികള്‍. ബാഗ്ദാദ്, മസ്‌ക്കറ്റ്, ഖത്തര്‍, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈനയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം തന്നെ വിമാനക്കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെസ്സന്റിന്റെ പ്രതികരണം. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ ഇന്ധനമോ ലാന്‍ഡിങ്ങ് സര്‍വീസുകളോ ലഭ്യമാക്കാനോ ടിക്കറ്റുകള്‍ വില്‍ക്കാനോ സാധിക്കില്ലെന്നും ബെസ്സന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം യുഎന്‍ പൊതുസഭയില്‍ അമേരിക്കയെ വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി. ഇറാന്‍ ഭീകരതയുടെ ഇരയെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുന്നുവെന്നും ഇറാന് വേണ്ടത് ആണവോര്‍ജ്ജം മാത്രമാണെന്നും ബെസ്സന്റ് പറഞ്ഞു.

'അണുബോംബ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഹോര്‍മൂസ് കടലിടുക്കിലൂടെ ആയുധങ്ങള്‍ കടത്താനാവില്ല. ട്രംപിന്റെ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ല. ബലപ്രയോഗത്തിന്റെ ഭാഷ അംഗീകരിക്കില്ല. നയതന്ത്രത്തിനും ചര്‍ച്ചകള്‍ക്കും തയ്യാറാണ്. എന്നാല്‍ അതിക്രമങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കില്ല', ഇറാന്‍ പറഞ്ഞു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. പരമാധികാരം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉപരോധങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ പതറില്ലെന്നും രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Iranian airlines have cancelled international flights after the United States imposed sanctions, creating disruptions for passengers travelling to and from Iran.

To advertise here,contact us