തെറ്റായ വാർത്തകൾക്ക് അതിവേഗ മറുപടി നൽകണം; ഗൾഫ് മാധ്യമ കൂട്ടായ്മ വേണമെന്ന് ജിസിസി മേധാവി

ദുബായിൽ നടന്ന അറബ് മീഡിയ സമ്മിറ്റ് 2026-ൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ വാർത്തകൾക്കും തെറ്റായ പ്രചാരണങ്ങൾക്കും അതിവേഗം മറുപടി നൽകാനും ജിസിസി രാജ്യങ്ങളുടെ നിലപാടുകൾ ഒറ്റശബ്ദത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഏകീകൃത മാധ്യമ സംവിധാനം അത്യാവശ്യമാണെന്ന് ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദൈവി. വ്യാജ സന്ദേശങ്ങളെയും ഊഹാപോഹങ്ങളെയും പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ശക്തമായ മാധ്യമ സഹകരണം വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ദുബായിൽ നടന്ന അറബ് മീഡിയ സമ്മിറ്റ് 2026-ൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലുണ്ടായ സമീപകാല സംഭവവികാസങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങൾ തമ്മിൽ കൂടുതൽ യോജിച്ചുള്ള പ്രവർത്തനത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്ന് അൽബുദൈവി ചൂണ്ടിക്കാട്ടി.

വ്യാജ പ്രചാരണങ്ങളെ ചെറുക്കാനും പരമ്പരാഗത, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യമായ വിവരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാനും പ്രായോഗികമായ മാർഗ്ഗങ്ങളോടെയുള്ള പൊതു മാധ്യമ കാഴ്ചപ്പാട് രൂപീകരിക്കണം. ഗൾഫ് മേഖലയുടെ താൽപ്പര്യങ്ങളും പുരോഗതിയും ആഗോളതലത്തിൽ ശരിയായ രീതിയിൽ അടയാളപ്പെടുത്താൻ ഇത്തരം ഒരുമിപ്പിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: The GCC chief has called for greater cooperation among Gulf media organisations to respond rapidly to false news. The proposed media coordination aims to strengthen information sharing and support timely, accurate communication across GCC countries.

To advertise here,contact us