സാമ്പത്തിക, വികസന, സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ യുഎഇയും ഒമാനും തമ്മിൽ ധാരണ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അബുദാബിയിൽ ചേർന്ന ഉന്നതതല ഉച്ചകോടിയിൽ പശ്ചിമേഷ്യൻ സംഘർഷവും സുരക്ഷാ വെല്ലുവിളികളും ചർച്ചയായി.
യുഎഇ സന്ദർശനത്തിനെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് അബുദാബിയിൽ ഉച്ചകോടി ചേർന്നത്. സാമ്പത്തിക, വികസന മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തേടാൻ ചർച്ചയിൽ തീരുമാനമായി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിയും ക്ഷേമവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടിസ്ഥാനസൗകര്യ വികസനത്തിലും വ്യാപാരത്തിലും സംയുക്ത പദ്ധതികൾ കൂടുതൽ ശക്തമാക്കും. പശ്ചിമേഷ്യയിലെ നിലവിലെ അടിയന്തര സംഭവവികാസങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. മേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ സുരക്ഷാ വെല്ലുവിളികളും നേതാക്കൾ വിലയിരുത്തി. പശ്ചിമേഷ്യയിൽ സുരക്ഷയും സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും പിന്തുണ നൽകും. വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ തുടർന്നും കൂടിയാലോചനകൾ നടത്താൻ തീരുമാനിച്ചു.
ദുബായ് ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചർച്ചയിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും മറ്റ് ഉന്നത മന്ത്രിമാരും പ്രതിരോധ ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി.
Content Highlights: The UAE and Oman are set to strengthen bilateral cooperation, with new understandings focusing on economic and security sectors. The development aims to deepen ties between the two Gulf countries.