വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷവും യാത്രാ നിരക്കുകൾ കുറഞ്ഞാൽ ആ ആനുകൂല്യം യാത്രക്കാർക്ക് തന്നെ ലഭ്യമാക്കുന്ന പുതിയ 'റീസേവ്' (ReSave) ഫീച്ചറുമായി പ്രമുഖ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ് (EaseMyTrip). തികച്ചും സൗജന്യമായി ടിക്കറ്റ് ബുക്കിംഗിനൊപ്പം ഈ സേവനം തിരഞ്ഞെടുക്കാം. ബുക്കിംഗിന് ശേഷം വിമാന നിരക്കിൽ വരുന്ന ഇളവുകളും പൂർണ്ണമായും ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കും.
സാധാരണയായി വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞാലും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. എന്നാൽ പിന്നീട് നിരക്ക് കുറഞ്ഞാലും അത് കണ്ടെത്താനോ ആനുകൂല്യം നേടാനോ സാധാരണ യാത്രക്കാർക്ക് സാധിക്കാറില്ല. ഇതിനൊരു പരിഹാരമായാണ് ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ തന്നെ റീസേവ് സംവിധാനം ഈസ്മൈട്രിപ്പ് സംയോജിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം നിരക്കിൽ കുറവ് വന്നതായി കണ്ടുപിടിച്ചാൽ, ഒട്ടും സർവീസ് ചാർജ് ഈടാക്കാതെ ആ മുഴുവൻ തുകയും കസ്റ്റമർക്ക് തിരികെ നൽകും.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച മൂല്യവും സുതാര്യതയും ഉറപ്പാക്കാനാണ് ഈ സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈസ്മൈട്രിപ്പ് സിഇഒയും കോ-ഫൗണ്ടറുമായ കാന്ത് പിറ്റി പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുന്ന നിമിഷത്തിൽ മാത്രം ഒതുങ്ങാതെ, യാത്രക്കാരുടെ മുഴുവൻ യാത്രാനുഭവത്തിലും അധിഷ്ഠിതമായ സാങ്കേതിക മുന്നേറ്റത്തിനാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിച്ച് യാത്രക്കാരുടെ ആവശ്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് സേവനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈസ്മൈട്രിപ്പ്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും ലാഭകരവുമായ യാത്രാനുഭവം സമ്മാനിക്കാൻ പുതിയ പദ്ധതികൾ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Content Highlights: Air travellers may benefit from a new facility where the difference in fare can be refunded if ticket prices decrease after booking. The move aims to provide more flexibility and protection for passengers.