പശ്ചിമേഷ്യൻ പ്രതിസന്ധികളിൽ നിന്ന് വിമാനക്കമ്പനികൾ കരകയറുന്നു; ജൂണിൽ സ്ഥിതി മെച്ചപ്പെട്ടതായി റിപ്പോർട്ട്

പ്രാദേശിക സംഘർഷങ്ങളും ഇന്ധനവില വർദ്ധനവും കാരണം വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് മുന്നറിയിപ്പ് നൽകി

ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനക്കമ്പനികൾ പതുക്കെ കരകയറുന്നതായി റിപ്പോർട്ട്. മെയ് മാസത്തിൽ മേഖലയിലെ വ്യോമയാന ഗതാഗതത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ജൂൺ മാസത്തോടെ സ്ഥിതി മെച്ചപ്പെട്ടതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇറാന്റെ വെടിനിർത്തലിന് പിന്നാലെ വ്യോമപാതകൾ തുറന്നുകൊടുത്തതാണ് വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസമായത്.

സംഘർഷം കാരണം മെയ് മാസത്തിൽ മിഡിൽ ഈസ്റ്റിലെ വ്യോമയാന ഗതാഗതത്തിൽ 28.8 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ജൂണിൽ ഈ ഇടിവ് 13.9 ശതമാനമായി കുറയ്ക്കാൻ മേഖലയ്ക്ക് സാധിച്ചു. വെടിനിർത്തലിന് ശേഷം വ്യോമപാതകൾ ഘട്ടമായി പുനഃസ്ഥാപിച്ചതാണ് ഈ തിരിച്ചുവരവിന് വേഗത കൂട്ടിയത്.

മിഡിൽ ഈസ്റ്റ് - വടക്കേ അമേരിക്ക റൂട്ടിലെ യാത്രാ ആവശ്യകത മെയ് മാസത്തിലെ 28.3 ശതമാനം ഇടിവിൽ നിന്ന് ജൂണിൽ വെറും 1.9 ശതമാനമായി മെച്ചപ്പെട്ടു. വടക്കേ അമേരിക്കയിൽ നിന്ന് യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം, ചൈന, യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര യാത്രാ വിപണിയിലുണ്ടായ തിരിച്ചടി കാരണം ആഗോളതലത്തിൽ വിമാന യാത്രാ ആവശ്യകതയിൽ ജൂണിൽ 1.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

പ്രാദേശിക സംഘർഷങ്ങളും ഇന്ധനവില വർദ്ധനവും കാരണം വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് മുന്നറിയിപ്പ് നൽകി. മറ്റ് മേഖല പരിശോധിക്കുകയാണെങ്കിൽ യൂറോപ്യൻ വിമാനക്കമ്പനികൾ 0.8 ശതമാനവും ആഫ്രിക്കൻ കമ്പനികൾ 3.8 ശതമാനവും വളർച്ച കൈവരിച്ചപ്പോൾ ഏഷ്യാ-പസഫിക് മേഖലയിൽ രണ്ട് ശതമാനം ഇടിവാണുണ്ടായത്. എങ്കിലും മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുന്നതോടെ വ്യോമയാന മേഖല പൂർണ്ണ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Content Highlights: Airlines are gradually recovering from the disruptions caused by the West Asia crisis, according to a new report. The report indicates that flight operations and overall industry performance improved in June despite continued regional challenges.

To advertise here,contact us