ഗൾഫ് മേഖലയിൽ ഹിജ്റ പുതുവർഷത്തെ വരവേറ്റ് പ്രവാസികളും സ്വദേശികളും. യുഎഇയിൽ പകൽ സമയത്ത് മുഹറം മാസപ്പിറവി ദൃശ്യമായതോടെ രാജ്യം പുതിയ ഇസ്ലാമിക വർഷത്തിലേക്ക് പ്രവേശിച്ചു. പുതുവർഷപ്പിറവിയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും സ്വദേശികൾക്കും നീണ്ട വാരാന്ത്യ അവധിയാണ് ലഭിക്കുന്നത്.
അബുദാബിയിലെ ഖത്ം ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പകൽ വെളിച്ചത്തിൽ ചന്ദ്രക്കല ദൃശ്യമായത്. നിരീക്ഷണ സംഘം പകർത്തുമ്പോൾ സൂര്യനിൽ നിന്ന് 5.4 ഡിഗ്രി അകലെയായിരുന്ന ചന്ദ്രന് 5 മണിക്കൂറും 35 മിനിറ്റുമായിരുന്നു പ്രായം. ഇതോടെ ഹിജ്റ വർഷം 1448-ലേക്ക് യുഎഇ പ്രവേശിച്ചു. തിങ്കളാഴ്ച പൊതു അവധി വന്നതോടെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള യുഎഇ നിവാസികൾക്ക് തുടർച്ചയായ 3 ദിവസത്തെയും ഷാർജയിൽ 4 ദിവസത്തെയും വലിയ അവധിക്കാലമാണ് ലഭിച്ചത്. അവധിയുടെ ഭാഗമായി ദുബായിലെ പൊതു പാർക്കിങ് തിങ്കളാഴ്ച സൗജന്യമാക്കിയിരുന്നു.
ഒമാനിൽ വ്യാഴാഴ്ചയാണ് പുതുവത്സര ദിനം. ഇതോടെ വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയുമായി ചേർന്ന് ഒമാനിലെ ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട വിശ്രമദിനങ്ങളാണ് ലഭിച്ചത്. മുസ്ലിം ലോകത്ത് ഏറെ പ്രാധാന്യമുള്ള ഹിജ്റ പുതുവത്സര ദിനം പള്ളികളിലും മതകേന്ദ്രങ്ങളിലും പ്രത്യേക പ്രാർത്ഥനകളോടെയാണ് വിശ്വാസികൾ വരവേൽക്കാനൊരുങ്ങുന്നത്.
Content Highlights: Gulf nations have marked the Hijri New Year with official holiday declarations, allowing residents and expatriates to celebrate the occasion. Many expatriates are utilizing the break for family gatherings, travel, and community events across the region.