വിമാന യാത്രയ്ക്കിടെ ബോധരഹിതനായി യുവാവ്; അവസരോചിത ഇടപെടലിൽ ജീവൻ തിരിച്ചുപിടിച്ച് പ്രവാസി നഴ്സ്

വിമാനം ലാന്റ് ചെയ്യും വരെയുള്ള രണ്ട് മണിക്കൂര്‍ സമയമാണ് യുവാവിന്റെ ജീവനായി അഖില കാവലിരുന്നത്.

വിമാന യാത്രയ്ക്കിടെ ബോധരഹിതനായ യുവാവിന് ജീവന്റെ കരുതലായി പ്രവാസി നഴ്‌സ്. തമിഴ്‌നാട് സ്വദേശിയായ അഖില ഓവിയന്‍ നീലകണ്ഠന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. വിമാനം ലാന്റ് ചെയ്യും വരെയുള്ള രണ്ട് മണിക്കൂര്‍ സമയമാണ് യുവാവിന്റെ ജീവനായി അഖില കാവലിരുന്നത്.

ദുബായില്‍ നിന്ന് തിരിച്ചറിപ്പള്ളിയിലേക്കുള്ള എയര്‍ ഇന്ത്യാ എക്പ്രസ് വിമാനം പറന്നുര്‍ന്ന് 20 മിനിറ്റുകള്‍ക്ക് ശേഷം 32 വയസ് പ്രായമുള്ള ഒരു യാത്രക്കാരന്‍ ബോധരഹിതനായി കുഴഞ്ഞു വീഴുന്നു. മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന നിമിഷങ്ങള്‍. തൊട്ടുപിന്നാലെ മെഡില്‍ക്കല്‍ സഹായത്തിനായി കാബിന്‍ ക്രൂവിന്റെ അനൗണ്‍സ്മെന്റ് എത്തി. വിമാനത്തിന്റെ പിന്‍സീറ്റിലായിരുന്ന റാസല്‍ഖൈമ ഹോസ്പിറ്റലിലെ നഴ്സായ അഖില ഓവിയന്‍ നീലകണ്ഠന്‍ ഉടന്‍ തന്നെ രക്ഷകയായി മുന്നോട്ട് എത്തി.

യുവാവിന് ശ്വാസമുണ്ടായിരുന്നെങ്കിലും പ്രതികരണമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നാലെ വിറയലും അപസ്മാര ലക്ഷണളും പ്രകടമായി. എല്ലാവരും ആശങ്കയിലായിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ അഖില പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറും ചികിത്സയില്‍ പങ്കുചേര്‍ന്നു. പരിമിതമായ മെഡിക്കല്‍ ഉപകരണങ്ങള്‍ മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായി ഐവി ലൈന്‍ തയാറാക്കി മരുന്നുകളും ഗ്ലൂക്കോസ് ദ്രാവകങ്ങളും നല്‍കി.

പള്‍സും രക്തസമ്മര്‍ദ്ദവും നിരന്തരം നിരീക്ഷിച്ചു.അഖിലയുടെ പരിചരണത്തിനൊടുവില്‍ യുവാവ് പതുക്കെ കണ്ണുതുറക്കുകയും സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇന്ത്യയില്‍ വിമാനം ലാന്‍ഡ് ചെയ്തയുടന്‍ എയര്‍പോര്‍ട്ടില്‍ തയാറായിനിന്ന മെഡിക്കല്‍ സംഘത്തിന് യുവാവിനെ സുരക്ഷിതമായി കൈമാറി. പ്രതിസന്ധി ഘട്ടത്തില്‍ രക്ഷകയായ അഖിലക്ക് നന്ദി അറിയിച്ച് കൊണ്ട് വിമാന ജീവനക്കാര്‍ നല്‍കിയ കത്തും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിള്‍ വൈറലാണ്.

Content Highlights: A young man became unconscious during an air journey, but a quick response from an expatriate nurse helped revive him and prevent a major tragedy onboard.

To advertise here,contact us