പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസം; ജെഇഇ പ്രവേശന പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും കേന്ദ്രങ്ങള്‍

ബഹ്‌റൈനിലെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല

ജെഇഇ പ്രവേശന പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രഖ്യാപനം. ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചു. ബഹ്റൈനില്‍ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞ് ഉന്നത പഠനത്തിനായി ജെഇഇ പരീക്ഷ എഴുതാന്‍ കാത്തിരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്നതാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രഖ്യാപനം. ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ രണ്ട് മുതല്‍ എട്ട് വരെ കംപ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക. കുവൈറ്റില്‍ സാല്‍മിയ ബ്ലോക്ക് 10ല്‍ ഉള്ള ബ്രിട്ടണ്‍ അക്കാദമിയെയാണ് പരീക്ഷാ കേന്ദ്രമായി അംഗീകരിച്ചികരിക്കുന്നത്.

അതിനിടെ ബഹ്‌റൈനിലെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇതു സംബന്ധിച്ച് ഇന്ത്യന്‍ എംബസിയുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഹെല്‍പ്ലൈന്‍ നമ്പറിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സംഘര്‍ഷ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജെഇഇ പ്രവേശന പരീക്ഷ എഴുതാനുള്ള കേന്ദ്രങ്ങള്‍ ഇല്ലാത്തതുമൂലം വലിയ ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പരീക്ഷ എഴുതുന്നതിനായി ഇന്ത്യയിലേക്ക് പോകണമെങ്കില്‍ വിമാന സര്‍വീസുകള്‍ പരിമിതമാണ് എന്നതും ആശങ്കക്ക് കാരണമായിരുന്നു. വിവിധ പ്രവാസി സംഘടനകളുടെ ഇടപെടലിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: JEE exam centres announced in Dubai and Kuwait, offering major relief to expatriate Indian students by enabling them to take the test abroad.

To advertise here,contact us