മിഡില്‍ ഈസ്റ്റിലെ മൂന്ന് രാജ്യങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറിന് അംഗീകാരം നല്കി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന് ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്കയുടെ നിര്‍ണായക പ്രഖ്യാപനം. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടിയായി ഖത്തറിലേത് ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.
കുവൈറ്റ്, യുഎഇ, ജോര്‍ദാന്‍ എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കാണ് ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും നല്‍കുന്നത്. ഇതിനായി 16.5 ബില്യണ്‍ ഡോളറിന്റെ അഥവാ 1.38 ലക്ഷം കോടി രൂപയുടെ കരാറിനാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. യുഎഇക്ക് 8.4 ബില്യണ്‍ ഡോളറിലധികം വരുന്ന മിസൈലുകള്‍, ഡ്രോണുകള്‍, റഡാര്‍ സംവിധാനങ്ങള്‍, എഫ്-16 വെടിക്കോപ്പുകള്‍, മറ്റ് നവീകരണ സാമഗ്രികള്‍ എന്നിവ ലഭ്യമാക്കും.
എട്ട് ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന എയര്‍ ആന്‍ഡ് മിസൈല്‍ ഡിഫന്‍സ് സെന്‍സര്‍ റഡാറുകളാകും കുവൈത്തിന് കൈമാറുക. ജോര്‍ദാന്‍ 70.5 ദശലക്ഷം ഡോളര്‍ ചിലവില്‍ വിമാനങ്ങളും വെടിക്കോപ്പുകളും കൈമാറാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്കി. ആര്‍ടിഎക്സ് കോര്പ്പറേഷന് ഉള്‍പ്പെടെയുള്ള കമ്പനികളായിരിക്കും ആയുധ വില്‍പ്പനയിലെ പ്രധാന കരാറുകാരെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന് ആക്രമണം ആരംഭിച്ചിട്ട് ഇരുത്തി ഒന്ന് ദിവസം പിന്നിടുകയാണ്. എന്നാല്‍ ഇറാന്റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കുമെതിരെ അതി ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ജിസിസി രാജ്യങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഇന്ന് മാത്രം 26 ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളുമാണ് യുഎഇ സേന പ്രതിരോധിച്ചത്.
Content Highlights: The United States has approved a $16.5 billion arms deal with three Middle Eastern nations. The agreement is expected to enhance defense cooperation and comes at a time of heightened tensions in the region.