പശ്ചിമേഷ്യൻ സംഘർഷം; നാളത്തെ ചെറിയ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമാക്കി ​ഗൾഫ് രാജ്യങ്ങൾ

വിവിധ ഏമിറേറ്റുകളിലെ പ്രാര്‍ത്ഥനാ സമയവും മതകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം തന്നെ പുറത്തിറക്കിയിരുന്നു.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നാളത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും ഇത്തവണ തുറസായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകളും പ്രാര്‍ത്ഥനകളും ഉണ്ടാകില്ല. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് തിരുമാനം.

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈദ് ഗാഹുകള്‍ക്ക് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളികള്‍ക്കുള്ളില്‍ മാത്രമായിരിക്കും നാളെ ഈദ് നമസ്‌കാരം ഉണ്ടാവുകയെന്നും വിശ്വാസികള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യുഎഇ മതകാര്യ മന്ത്രാലയം അറിയിച്ചു. നമസ്‌കാരത്തിനായി പള്ളികളില്‍ നേരത്തെ എത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് തീരുമാനം കൈക്കൊണ്ടത്. അതിരാവിലെയാണ് നമസ്‌കാര സമയം. വിവിധ ഏമിറേറ്റുകളിലെ പ്രാര്‍ത്ഥനാ സമയവും മതകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം തന്നെ പുറത്തിറക്കിയിരുന്നു.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഗാഹുകളും തുറസായ സ്ഥലങ്ങളിലെ പ്രാര്‍ത്ഥനകളും ഉണ്ടാവില്ലെന്ന് ഖത്തര്‍ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. പള്ളികളില്‍ മാത്രം ഈദ് നമസ്‌കാരം നടത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. രാവിലെ 5.33 നാണ് നമസ്‌കാര സമയം നിശ്ചയിച്ചിരിക്കുന്നത്. ഖുതുബയും നമസ്‌കാരവും ഉള്‍പ്പെടെ 15 മിനിറ്റിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണം.

രാജ്യത്തിന്റെ സുരക്ഷക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും അധികൃതര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ബഹ്‌റൈനിലും പള്ളികള്‍ക്കുള്ളില്‍ മാത്രമായിരിക്കും പെരുന്നാള്‍ നമസ്‌കാരം. രാജ്യത്ത് ഈൗദ് ഗാഹുകള്‍ ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സുന്നി എന്‍ഡോവ്‌മെന്റ്‌സ് ജനറല്‍ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചിരുന്നു.

Content Highlights: In the backdrop of escalating tensions in West Asia, Gulf countries have imposed restrictions on Eid prayers, allowing them to be conducted only in mosques. The move is part of precautionary measures to ensure public safety and avoid large gatherings during the festival period.

To advertise here,contact us