പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ ഇന്ധന വില വർദ്ധനവ്; ​ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു

വിമാന സര്‍വീസ് ഉള്ളതിനാല്‍ പെരുന്നാൾ അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുകയാണ് നിരവധി പ്രവാസികള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ഗള്‍ഫ് മേഖയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. ടിക്കറ്റ് നിരക്കില്‍ 30 ശതമാനത്തോളമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിന് പിന്നാലെ വിവിധ വിമാനകമ്പനികള്‍ ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഒരോ ദിവസവും പ്രതിസന്ധി രൂക്ഷമാവുകയാണ്. ആഗോള തലത്തില്‍ വിമാന ഇന്ധന വിലയിലും ഇത് പ്രതിഫലിക്കുന്നു. ഇതിന് പുറമെ വിമാന ഇന്ധനത്തിന്റെ ലഭ്യതക്കുറവും വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ മൂന്നിലൊന്ന് ഭാഗവും ഇന്ധനത്തിനാണ് ചെലവഴിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ പരിമിതമായ രീതിയിലെങ്കിലും വിമാന സര്‍വീസ് ഉള്ളതിനാല്‍ പെരുന്നാൾ അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുകയാണ് നിരവധി പ്രവാസികള്‍. എന്നാല്‍ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് അവര്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വരും ദിവസങ്ങളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.

ഇക്കോണമി ക്ലാസ് ടിക്കറ്റുകളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. പശ്ചിമഷ്യേന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമയാന മേഖലയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നഷ്ടം നികത്താനായി വിമാനകമ്പനികള്‍ നിരക്ക് വര്‍ദ്ധനവ് തുടരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാട്ടുന്നു. യുഎസ്, ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിലും വിമാന ഇന്ധനവും തമ്മിലുള്ള വില വ്യത്യാസം ബാരലിന് 22 ഡോളറായിരുന്നു. അതിലാണ് ഇപ്പോള്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

Content Highlights: Rising tensions in West Asia have pushed fuel prices higher, leading to an increase in air ticket fares for flights from Gulf countries.

To advertise here,contact us