ഇൻഷുറൻസ് പരിരക്ഷയ്ക്കായി പ്രവാസികൾക്ക് നോർക്ക കെയർ പ്ലസിൽ അം​ഗമാകാം; അപേക്ഷകൾ ക്ഷണിച്ച് അധികൃതർ

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം

പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നോര്‍ക്ക കെയര്‍ പ്ലസില്‍ അംഗമാകാന്‍ ഏപ്രില്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം. അഞ്ച് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റിലൂടെയും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം.

പ്രവാസി മലയാളികള്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിനും പരിഷ്‌കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കുമാണ് നോര്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 18 മുതല്‍ 70 വയസ്സുവരെയുള്ള നോര്‍ക്ക പ്രവാസി ഐഡിയോ, സ്റ്റുഡന്റ് ഐഡിയോ, എന്‍ആര്‍കെ ഐഡിയോ ഉള്ള കേരളീയര്‍ക്ക് അപേക്ഷിക്കാം. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോളിസി ഉടമയുടെ ജീവിത പങ്കാളിക്ക് പുറമെ 80 വയസ്സുവരെയുളള മാതാപിതാക്കളേയും പോളിസിയില്‍ ഉള്‍പ്പെടുത്താനാകും.

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബസൈറ്റിലൂടെയും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. അടുത്ത മാസം 12 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ എന്റോള്‍ ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം ഒരു കോടി എന്നിങ്ങനെ വിവിധ സ്ലാബുകളിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത്. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ ചേരാനാകും.

കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികളായ കേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട പദ്ധതിയില്‍ 1,32,000 പ്രവാസി കുടുംബങ്ങളാണ് അംഗങ്ങളായത്. നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാല് മാസങ്ങള്‍ക്കകം ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായതായും നോര്‍ക്ക വ്യക്തമാക്കി.

Content Highlights: NORKA Roots has invited applications for the NORKA Care Plus scheme, offering welfare and health support for expatriates.

To advertise here,contact us