ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്റൈനിൽ യുവതി മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഒരു തരത്തിലുള്ള ചര്‍ച്ചക്കും ഇല്ലെന്നാണ് ഇറാന്റെ നിലപാട്

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ബഹ്‌റൈനിലെ ജനവാസ മേഖലവയില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ യുവതി കൊല്ലെപ്പട്ടു. അബുദാബയില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് തീപിടിച്ചു. അതിനിടെ ഇറാനെ ഇല്ലാതാക്കും വരെ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ചര്‍ച്ചക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. എങ്കിലും ഇറാനുമായി തുര്‍ക്കി വീണ്ടും ചര്‍ച്ച നടത്തി.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബഹ്‌റൈനിലെ ജനവാസ മേഖല ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തുന്നത്. തലസ്ഥാനമായ മനാമയിലെ താമസമഖേലയിലായിരുന്നു ഇന്നത്തെ ആക്രമണം. ഫ്‌ളാറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു യുവതി കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സിക്ര മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ പന്ത്രണ്ട് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇറാന്‍ ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 105 ബാലിസ്റ്റിക് മിസൈലുകളും 176 ഡ്രോണുകളും ബഹ്‌റൈന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇക്ക് നേരെയും ഇന്നും ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിലെ ഒരു കെട്ടിടത്തില്‍ തീപ്പിടിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി.

സൗദി അറേബ്യയില്‍ എണ്ണപ്പാടങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഇന്നും ആക്രമണം നടത്തി. ഷയ്ബ എണ്ണപ്പാടത്തെയും കിഴക്കന്‍ മേഖലകളെയും ലക്ഷ്യമാക്കി എത്തിയ ഡ്രേണുകളെയും മിസൈലുകളെയും ശക്തമായ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇറാന്‍ ഇസ്രായേല്‍, യുഎസ് യുദ്ധം നീണ്ടുപോകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒരു തരത്തിലുള്ള ചര്‍ച്ചക്കും ഇല്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാനെ ഇല്ലാതാക്കും വരെ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കുന്നു. അതിനിടെ തുര്‍ക്കി വീണ്ടും ഇറാനുമായി ചര്‍ച്ച നടത്തി.

Content Highlights: Iran launches attacks in Gulf region as tensions escalate; reports say a woman was killed in Bahrain following a missile strike, raising security concerns.

To advertise here,contact us