അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് പ്രഖ്യാപനം മാത്രം; ​ഗൾഫിൽ വീണ്ടും ആക്രമണം തുടർന്ന് ഇറാൻ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കറുകളെയും സാമൂഹിക സുരക്ഷാ ഓഫീസിനെയും ലക്ഷ്യമാക്കിയുമായിരുന്നു ആക്രമണം

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയും ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദി അറേബ്യയില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ ആക്രമണത്തില്‍ കുവൈറ്റില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടമായി. ബഹ്‌റൈനിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയും ഇന്ന് ഡ്രോണ്‍ ആക്രമണം ഉണ്ടായി.

സൗദി അറേബ്യയിലെ അല്‍-ഖര്‍ജിലെ ജനവാസ മേഖലയിലാണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശ് സ്വദേശിക്കുമാണ് ജീവന്‍ നശഷ്ടമായത്. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. രാവിലെ കുവൈറ്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കറുകളെയും സാമൂഹിക സുരക്ഷാ ഓഫീസിനെയും ലക്ഷ്യമാക്കിയുമായിരുന്നു ആക്രമണം. യുഎഇക്ക് എതിരെ ഇന്ന് 134 ആക്രമണ ശ്രമങ്ങള്‍ ഉണ്ടായതായി പ്രതിരോധ മന്താലയം അറിയിച്ചു. 17 മിസൈലുകളും 117 ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമിട്ടു. 16 മിസൈലുകളും 113 ഡ്രോണുകളെയും പ്രതിരോധ സംവിധാനം തകര്‍ത്തു. ബഹ്റൈനിലെ മുഹറഖ് മേഖലയിലെ സര്‍വകലാശാല കെട്ടിടത്തിലും മിസൈലിന്റെ ഭാഗങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി. ജലശുദ്ധീകരണ പ്ലാന്റിന് നേരയും ഡ്രോണ്‍ ആക്രമണം നടന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലം അറിയിച്ചു.

ഖത്തറിനെ ലക്ഷ്യവച്ചും ഇന്നും ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തിയെങ്കിലും ശക്തമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഖത്തറില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു. നാളെ മുതല്‍ 30 ശതമാനം ജീവനക്കാര്‍ ഓഫീസില്‍ എത്തണമെന്ന് പുതിയ നിര്‍ദ്ദേശത്തിൽ പറയുന്നു. എല്ലാം സാധാരണ നിലയിലെന്ന് ഒമാന്‍ ഭരണകൂടം വ്യക്തമാക്കി. കര, സമുദ്ര,വ്യോമ ഗാതാഗ സംവിധാനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതായും ഒമാന്‍ ഭരണകൂടം വ്യക്തമാക്കി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയും യുഎസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി.

Content Highlights: Tensions continue to escalate in the Gulf region as Iran reportedly resumes attacks despite earlier assurances that neighbouring countries would not be targeted.

To advertise here,contact us