പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സ്വീകരിച്ച വിവിധ നടപടികള്‍ തുടരുന്നു. പൊതുജനങ്ങള്‍ക്കും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അതിനിട നിലവിലെ സാഹചര്യം ലഘൂകരിക്കുന്നതിനായി വിവിധ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയെ ലക്ഷ്യമാക്കി ഇറാന് ആക്രണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധവും ജാഗ്രതയും കൂടുതല്‍ ശക്തമാക്കുകയാണ് വിവിധ ജിസിസി രാജ്യങ്ങള്‍. സുരക്ഷാ നടപടികളുടെ ഭാഗമായുള്ള മുന്നറിയിപ്പുകളും തുടരുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്നും അടച്ചിട്ടു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവക്കുന്നത്. വിവിധ വിനോദ സഞ്ചാര കേന്ദ്രത്തിങ്ങളിലും നിയന്ത്രണങ്ങള്‍ തുടരുന്നു.
യുഎഇയിലെ സ്കൂളുകളില്‍ ഈ മാസം 13 ന് ആരംഭിക്കേണ്ട അവധിയും നേരത്തെയാക്കി. മാര്‍ച്ച് ഒമ്പത് മുതല്‍ 22 വരെയാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 23ന് ആയിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. അതിനിടെ ചരക്ക് നീക്കം സുഗമാക്കുന്നതിനായി ദുബായിലെ മുഴുവന്‍ റോഡുകളിലും ഹെവി ട്രക്കുകള്‍ ഓടിക്കാനുള്ള അനുമതി ഈ മാസം എട്ട് വരെ നീട്ടി. എയര്‍പോര്‍ട്ട് ടണല്‍, ഷിന്ദഗ ടണല്‍ എന്നീ തുരങ്കപാതകള്‍ ഒഴികെയുള്ള റോഡുകള്‍ ഉപയോഗിക്കാന്‍ ഇന്ന് വരെ നല്കിയ അനുമതിയാണ് നീട്ടിനല്‍കിയത്.
പ്രവാസികള്‍ക്ക് ആശ്വാസമായി സന്ദര്‍ശക വിസകള്‍ക്കും താമസ രേഖകള്‍ക്കും കുവൈത്തും ഇളവുകള്‍ പ്രഖ്യാപിച്ചു. കുവൈത്തില്‍ നിലവിലുള്ള പ്രവാസികളുടെ സന്ദര്‍ശക വിസാ കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് കുവൈത്തിലേയ്ക്ക് മടങ്ങാന്‍ മൂന്ന് മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
Content Highlights: Gulf countries intensify security precautions amid escalating West Asian conflicts, enhancing surveillance, border control, and defense coordination to ensure public safety.