ഖത്തറിലെയും ബഹ്‌റൈനിലെയും നിരവധി സൈനികരെ പിന്‍വലിച്ച് യുഎസ്; ​ഗൾഫ് മേഖലയിൽ ആശങ്ക

അതിനിടെ ഇറാഖ്, സിറിയ, കുവൈറ്റ്, സൗദി അറേബ്യ, ജോര്‍ദാന്‍, യുഎഇ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ യുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്

യുഎസ്-ഇറാന്‍ യുദ്ധഭീതിക്കിടെ ഖത്തറിലെയും ബഹ്‌റൈനിലെയും സൈനിക താവളങ്ങളില്‍ നിന്ന് നൂറ് കണക്കിന് സൈനികരെ പിന്‍വലിച്ച് അമേരിക്ക. ഇതോടെ ഗള്‍ഫ് മേഖയില്‍ ആശങ്ക കൂടുതല്‍ ശക്തമായി. അമേരിക്കയുടെ ഭാഗത്ത് നിന്ന് സൈനിക നടപടി ഉണ്ടായാല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം, അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമായ ബഹ്‌റൈനിലെ സൈനിക കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ് യു.എസ് സൈനികരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ സൈനികര്‍ക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അല്‍ ഉദൈദ് എയര്‍ ബേസ് ക്യാമ്പില്‍ ഏകദേശം പതിനായിരത്തോളം സൈനികരാണ് ഉള്ളത്. മേഖലയിലെ അമേരിക്കന്‍ വ്യോമ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന സൈനിക കേന്ദ്രം കൂടിയാണിത്.

അതിനിടെ ഇറാഖ്, സിറിയ, കുവൈറ്റ്, സൗദി അറേബ്യ, ജോര്‍ദാന്‍, യുഎഇ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ യുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് യുദ്ധത്തിന്റെ സൂചനയല്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ആണവക്കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംബിന്റെ പ്രഖ്യാപനം.

അമേരിക്കയുടെ ഭാഗത്ത് നിന്ന് സൈനിക നടപടി ഉണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലുടനീളം യുഎസ് വ്യോമ താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇറാന്റെ ഭാഗത്ത് നിന്ന്ആക്രമണമുണ്ടായല്‍ മിഡില്‍ ഈസ്റ്റില്‍ വലിയ അത് പ്രഖ്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

Content Highlights: US withdraws several troops from Qatar and Bahrain, raising fresh security concerns across the Gulf region amid growing Middle East tensions.

To advertise here,contact us