കരുത്ത് വീണ്ടെടുത്ത് ഇന്ത്യൻ രൂപ; ​ഗൾഫ് കറൻസിയുടെ വിനിമയ നിരക്ക് കുറയുന്നു

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ലഭിച്ചിരുന്ന അധിക ലാഭവും കുറഞ്ഞു.

ഇന്ത്യന്‍ രൂപക്ക് എതിരെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുമ്പോള്‍ ലഭിച്ചിരുന്ന അധിക ലാഭം കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യന്‍ രൂപ വീണ്ടും കരുത്താര്‍ജിച്ചതോടെയാണ് യുഎഇ ദിര്‍ഹം ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറണ്‍സികളുടെ മൂല്യത്തില്‍ കുറവ് ഉണ്ടായത്. എന്നാല്‍ നിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുകയാണ് പല പ്രവാസികളും.

തുടര്‍ച്ചയായി രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് അടുത്തിടെ വലിയ തോതില്‍ ഉയര്‍ന്നത്. ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 92 എന്ന നിലയിലേക്ക് ചാഞ്ചാട്ടം നടത്തിയപ്പോള്‍ അതിന്റെ പ്രതിഫലനം ഗള്‍ഫ് കറന്‍സികളിലും പ്രകടമായുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചതോടെ ഗള്‍ഫ് കറൻസികളുടെ മൂല്യത്തില്‍ വീണ്ടും കുറവ് ഉണ്ടായി. ഇതോടെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ലഭിച്ചിരുന്ന അധിക ലാഭവും കുറഞ്ഞു.

തിങ്കളാഴ്ച രൂപയുടെ മൂല്യം 91.53 ആയിരുന്നുവെങ്കില്‍ ചൊവ്വാഴ്ച ഇത് 90.29ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഇന്ന് 90.45 എന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. എങ്കിലും അതില്‍ നിന്ന് കാര്യമായ നേട്ടം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. ഇന്നലത്തെ അതേ നിരക്കായ 24 രൂപ 55 പൈസക്കായിരുന്നു രാവിലെ യുഎഇ ദിര്‍ഹത്തിന്റെ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വൈകുന്നേരം ഇത് 24 രൂപ 51 പൈസയായി കുറഞ്ഞു.

കഴിഞ്ഞയാഴ്ച ഒരു ദിര്‍ഹത്തിന് 25 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ മാറ്റം. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തിലും കുറവുണ്ടായി. വിനിമയ നിരക്ക് കുറഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാന്‍ മടിച്ചു നില്‍ക്കുകയാണ് പ്രവാസികള്‍. പണമയക്കാനായി കൂടുതല്‍ മികച്ച നിരക്ക് കാത്തിരുന്നവരും നിരാശരാണ്.

അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കമായിരുന്നു രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണമായത്. എന്നാല്‍ ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും രൂപ കരുത്തുകാട്ടാന്‍ തുടങ്ങിയത്.

Content Highlights:

To advertise here,contact us