ഇന്ത്യയില്‍ നിക്ഷേപമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. നിക്ഷേപങ്ങള്‍, വസ്തു വില്പന, നാട്ടിലേക്കുള്ള പണം അയക്കല്‍ എന്നിവയെ ബാധിക്കുന്ന ആറ് പ്രധാന മേഖലകളിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ പ്രവാസികളുടെ ഇടപാടുകള്‍ കൂടുതല്‍ ലളിതവും ചെവല് കുറഞ്ഞതും ആകുമെന്നാണ് വിലയിരുത്തല്‍.
പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം വിദേശ യാത്രകള്‍ക്കും പഠന ആവശ്യങ്ങള്‍ക്കുമായി മുന്‍കൂട്ടി അടയ്ക്കേണ്ടിരുന്ന ടാക്സ് കളക്ഷന്‍ അറ്റ് സോഴ്സ് ഗണ്യമായി കുറയും. വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന നികുതി നിരക്കുകള്‍ രണ്ട് ശതമാനമായി ഏകീകരിച്ചു. ഇന്ത്യയില്‍ നിന്ന് കുട്ടികളുടെ വിദേശ പഠനത്തിനായി പണം അയക്കുമ്പോള്‍ നല്‍കേണ്ട നികുതി 5 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കിയും കുറവ് വരുത്തിയിട്ടുണ്ട്.
വിദേശ ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം അയക്കുന്നതിനും ഇനി രണ്ട് ശതമാനം നികുതി നല്കിയാല് മതിയാകും. പ്രവാസികളില്‍ നിന്ന് വസ്തു വാങ്ങുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡിഡക്ഷന് ആന്റ് കളക്ഷന്‍ അക്കൗണ്ട് നമ്പറും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നൂലാമാലകള്‍ കുറയുകയും ഇന്ത്യയിലെ വസ്തുക്കള്‍ വില്‍ക്കുന്നത് പ്രവാസികള്‍ക്ക് കൂടുതല്‍ ലളിതമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
വിദേശത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്ത കാലത്ത് ആരംഭിച്ച പഴയ ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവ വെളിപ്പെടുത്താന്‍ മറന്നവര്‍ക്കായി ഒറ്റത്തവണ വെളിപ്പെടുത്തല്‍ പദ്ധതിയും അവതരിപ്പിച്ചു. കടുത്ത പിഴയോ നിയമനടപടികളോ ഭയക്കാതെ പഴയ സമ്പാദ്യങ്ങള്‍ നിയമപരമായി ക്രമീകരിക്കാന്‍ ഇതുവഴി അവസരം ലഭിക്കും. ഇതുവരെ ഒരു ഇന്ത്യന്‍ കമ്പനിയില്‍ പ്രവാസികള്‍ക്ക് നേരിട്ട് വാങ്ങാനായിരുന്ന ഓഹരി പരിധി അഞ്ച് ശതമാനമായിരുന്നു. ഇത് 10 ശതമാനമായി വര്‍ധിപ്പിച്ചു. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറക്കും.
ഇന്ത്യയില്‍ ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയിലോ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസി ബിസിനസുകള്‍ക്ക് മിനിമം ടാക്സും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഇലക്ട്രോണിക്സ് ഫാക്ടറികള്‍ക്കായി ഉപകരണങ്ങളും യന്ത്രങ്ങളും നല്കുന്ന യുഎഇ കമ്പനികള്‍ക്ക് 2031 വരെ നികുതിയിളവ് ലഭിക്കും.
Content Highlights: The Central Government of India has introduced new relief measures for NRIs (Non-Resident Indians) who have investments in India, offering substantial financial support. These measures aim to encourage continued investment and boost financial confidence among the NRI community, recognizing their crucial role in India’s economy.