ലോകത്ത് തൊഴിൽ വിപണിയിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായിലെ പ്രമുഖ വ്യവസായി ഹുസൈൻ സജ്വാനി. നിർമിത ബുദ്ധി തൊഴിൽ മേഖലയിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്നാണ് ഹുസൈൻ സജ്വാനിയുടെ വാക്കുകൾ. ഇത് ഇന്ത്യയുടെ തൊഴിൽമ മേഖലയെ വലിയ രീതിയിൽ ബാധിച്ചേക്കും. സ്വിറ്റസർലാൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ഡമാക് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഹുസൈൻ സജ്വാനിയുടെ പ്രതികരണം.
'ഇന്റർനെറ്റിനേക്കാൾ 10 അല്ലെങ്കിൽ 100 മടങ്ങ് കൂടുതൽ മാറ്റങ്ങൾ ലോകത്ത് കൊണ്ടുവരാൻ എഐക്ക് സാധിക്കും. എഐ കൂടുതൽ പ്രവർത്തികൾ ചെയ്യുന്നതോടെ ജോലിക്കായി മനുഷ്യരെ ആശ്രയിക്കുന്ന രാജ്യങ്ങൾ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ഐടി സേവനങ്ങൾ, ഓഫീസ് ജോലികൾ, കോൾ സെന്ററുകൾ തുടങ്ങിയവയിലെല്ലാം ലക്ഷകണക്കിന് ആളുകൾ തൊഴിൽ ചെയ്യുന്ന മേഖലയാണ് ഇന്ത്യ. അതിനാൽ എഐയുടെ കടന്നുകയറ്റം ഏറ്റവും അധികം ബാധിക്കുന്ന തൊഴിൽ മേഖലയായി ഇന്ത്യ മാറിയേക്കും,' സജ്വാനി പ്രതികരിച്ചു.
'കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, കസ്റ്റമർ സപ്പോർട്ട്, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ എന്നിവ എഐ സംവിധാനങ്ങൾക്ക് വേഗത്തിലും കുറഞ്ഞ ചിലവിലും ചെയ്യാൻ സാധിക്കും. ഭാവിയിൽ അക്കൗണ്ടന്റ്, നഴ്സിംഗ് തുടങ്ങിയ മേഖലകളിലെ 80 ശതമാനം ജോലികളും എഐ ഏറ്റെടുക്കും,' സജ്വാനി കൂട്ടിച്ചേർത്തു.
'ആഗോളതലത്തിൽ എഐ സാങ്കേതിക വിദ്യയെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ചൈന, അമേരിക്ക, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ വൻതോതിൽ എഐ നിക്ഷേപം നടത്തുകയാണ്.' ഇതിനാൽ എഐ സാങ്കേതിക വിദ്യയെ സ്വീകരിക്കാൻ മടിക്കുന്ന രാജ്യങ്ങളുടെ മത്സരശേഷി കുറയുമെന്നും സജ്വാനി വ്യക്തമാക്കി.
Content Highlights: An expat entrepreneur has issued a stern warning to India, stating that the AI revolution could dominate the job market if the country fails to adapt. He emphasized that complacency could result in significant setbacks, urging India to proactively prepare for the changes brought by artificial intelligence in the workforce. The warning highlights the urgency of skill development and innovation to stay competitive.