ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനിടെ ജീവനൊടുക്കിയ കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ജിസിസി രാജ്യങ്ങളിലും നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. മിഡിൽ ഈസ്റ്റിലെ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ സി ജെ റോയിയുടെ നേതൃത്വത്തിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന് വളരെ ശക്തമായ അടിത്തറയുണ്ട്.
കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രം ദുബായിലുമാണ്. യുഎഇയുടെ മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് നിയമങ്ങളോടും സാങ്കേതിക വിദ്യകളോടും വേഗത്തിൽ പൊരുത്തപ്പെടുന്ന ഒരു ബിസിനസ് ശൈലിയാണ് സി ജെ റോയ് പിന്തുടർന്നിരുന്നത്. നിരവധി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോജക്റ്റുകൾ കോൺഫിഡന്റ് ഗ്രൂപ്പ് ദുബായിൽ പൂർത്തിയാക്കിയിട്ടുണ്ട്.
ദുബായ് സിലിക്കൺ ഒയാസിസിൽ കോൺഫിഡന്റ് ഗ്രൂപ്പിന് വളരെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. കോൺഫിഡന്റ് ബെല്ലട്രിക്സ്', 'കോൺഫിഡന്റ് പോളക്സ് ആധുനിക അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ ഇവർ നിർമിച്ചിട്ടുണ്ട്. നിർമാണ മേഖലയ്ക്കപ്പുറം ആഡംബര കാറുകളോടും റോയ്ക്ക് ഭ്രമമുണ്ടായിരുന്നു. ദുബായിലെ വീട്ടിൽ എല്ലാവിധ ആഡംബര കാറുകളും റോയ് സ്വന്തമാക്കിയിരുന്നു. ബുഗാട്ടി വെറോൺ ആഡംബര കാർ ആദ്യമായി സ്വന്തമാക്കിയ ഇന്ത്യക്കാരനുമാണ് റോയ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ ബിസിനസുകാരുടെ പട്ടികയിൽ റോയ് പലപ്പോഴും ഇടംപിടിച്ചിരുന്നു. ഇന്ത്യന് ബിസിനസുകാരുടെ ഫോബ്സ് പട്ടികയില് 14-ാം സ്ഥാനത്തും റോയ് എത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ നിർമാണ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ സി ജെ റോയ് നൽകിയ സംഭാവനകളും കോൺഫിഡന്റ് ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രതയുമാണ് റോയ്യെ ഈ മുൻനിര സ്ഥാനത്ത് എത്തിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സി ജെ റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്പ്പറേറ്റ് ഓഫീസില്വെച്ച് റോയ് സ്വയം വെടിയുതിര്ത്തുകയായിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില് എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര് ചില രേഖകള് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര് കഴിഞ്ഞിട്ടും റോയ് രേഖകള് ഹാജരാക്കിയില്ല. തുടര്ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്.
ഉദ്യോഗസ്ഥര് തന്നെയാണ് റോയ്യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആശുപത്രിയില് എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില് അടക്കം കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
Content Highlights: CJ Roy, a leading businessman in the GCC region, has earned recognition for his significant influence over the business landscape of West Asia. He is regarded as one of the top figures shaping the economic dynamics of the region, and his impact has been felt across various sectors. Roy's achievements have solidified his position as a trailblazer in both business and entrepreneurship.