ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിൽ കൂടുതൽ മത്സരം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് അനുമതി നല്കി. കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികള്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകി. പുതിയ കമ്പനികള് കൂടെ സർവ്വീസ് നടത്തുന്നതോടെ ഇതോടെ ഇന്ത്യ-യു.എ.ഇ റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോയുടെ സമീപകാല പ്രതിസന്ധികളുടെ പശ്ചാത്തലത്തില് കൂടിയാണ് പുതിയ തീരുമാനം. നിലവിൽ ഇന്ത്യയിൽ 9 ഷെഡ്യൂൾഡ് ആഭ്യന്തര വിമാനക്കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതില് തന്നെ ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പും ചേർന്ന് 90 ശതമാനത്തിലധികം വിപണി പങ്കാളിത്തം നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്.
ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാകും അൽഹിന്ദ് എയറിന്റേത്. കൊച്ചി ആസ്ഥാനമാക്കി എടിആർ ടർബോപ്രോപ്പ് വിമാനങ്ങൾ ഉപയോഗിച്ച് തെക്കൻ ഇന്ത്യൻ നഗരങ്ങളിലേക്ക് (കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയവ) സർവീസ് ആരംഭിക്കാനാണ് പദ്ധതി. വൈകാതെ അന്താരാഷ്ട്ര സർവീസുകളിലേക്ക് വ്യാപിക്കും. യുഎഇ ആദ്യ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാകുമെന്നാണ് സൂചന. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
സമാനമായ രീതിയിലാണ് ഫ്ലൈ എക്സ്പ്രസിന്റെയും പദ്ധതി . പ്രാദേശിക സർവീസുകൾക്ക് ശേഷം അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കടക്കും. എന്നാൽ ഇരു കമ്പനികളും ഫ്ലീറ്റ് വിശദാംശങ്ങളോ സർവീസ് തീയതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിച്ച ശേഷം മാത്രമേ വാണിജ്യ സർവീസുകൾ ആരംഭിക്കാനാകൂ. 2026ൽ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
പുതിയ കമ്പനികളുടെ വരവോടെ സീറ്റുകളുടെ എണ്ണം കൂടുമെന്നും ഇത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കുമെന്നുമാണ് വിലയിരുത്തൽ. പ്രത്യേകിച്ച് യുഎഇ-ഇന്ത്യ റൂട്ടുകളിൽ നിലവിൽ ഉയർന്ന നിരക്കാണ്. ഇത് കാരണം ക്രിസ്മസ്-ന്യൂ ഇയർ അവധിക്ക് നാട്ടിലേക്ക് വരാതെ പോയ പ്രവാസികളും ഏറെയാണ്. നിലവിൽ ഈ റൂട്ടുകളിൽ 10ഓളം വിമാനക്കമ്പനികൾ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്.
എന്നാൽ ട്രാവൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് സർവീസുകൾ ആരംഭിച്ച ശേഷം മാത്രമേ നിരക്കിൽ കാര്യമായ മാറ്റമുണ്ടാകൂ എന്നാണ്. എത്രത്തോളം കുറവുണ്ടാകുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല. അതേസമയം പുതിയ കമ്പനികളുടെ വരവ് വ്യോമയാന മേഖലയിൽ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നത് തീർച്ച. പ്രവാസികൾക്ക് ഇത് ആശ്വാസകരമായ വാർത്തയാണ്.