ദുബായ്: റജബ് മാസം പിറന്നതോടെ അടുത്ത റമദാന് വ്രതാരംഭം എന്നായിരിക്കും ആരംഭിക്കുകയെന്ന ചർച്ചകള് ജിസിസി രാജ്യങ്ങളില് സജീവമായി കഴിഞ്ഞു. ഹിജ്റ കലണ്ടർ പ്രകാരം റജബ് പൂർത്തിയാക്കി, ശഅബാന് മാസവും കഴിഞ്ഞാല് പിന്നെ റമദാന് മാസത്തിലേക്ക് കടക്കും. അതായത് ഏകദേശം 60 ദിവസം. കൃത്യമായ ദിവസം നിശ്ചയിക്കുക മാസപ്പിറവി കണക്കാക്കിയാണ് എന്നതിനാല് ഒന്നോ രണ്ടോ ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറാം.
റമദാനോടൊപ്പം തന്നെ ചെറിയ പെരുന്നാള്, ബലി പെരുന്നാള് അവധികള് എന്നായിരിക്കുമെന്ന് നോക്കാനും തുടങ്ങിയിട്ടുണ്ട്. ഏത് ദിവസം ആയാലും ഈദ് ദിനങ്ങളോട് അനുബന്ധിച്ച് പതിവ് പോലെ നീണ്ട അവധി ദിനങ്ങളാണ് ജിസിസി ലോകത്തെ കാത്തിരിക്കുന്നത്. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ (IACAD) ഔദ്യോഗിക കലണ്ടറും എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാന്റെ പ്രവചനങ്ങളും നോക്കുകയാണെങ്കില് ഈദുൽ ഫിത്വർ മാർച്ച് 19 വ്യാഴം അല്ലെങ്കില് 20 വെള്ളി ദിനങ്ങളിലായിരിക്കുമെന്നാണ് പ്രതീക്ഷ.
പ്രവചനപ്രകാരം റമദാൻ ഫെബ്രുവരി 19 വ്യാഴാഴ്ച തുടങ്ങി 30 ദിവസം നീളാനാണ് സാധ്യത. റമദാൻ 30 ദിവസം പൂർത്തിയാക്കുകയാണെങ്കില് യു എ ഇ നിയമപ്രകാരം അവസാന ദിനം ഈദ് അവധിയോട് ചേർക്കും. ഇതോടെ മാർച്ച് 19 വ്യാഴാഴ്ച മുതൽ 22 ഞായർ വരെ നാല് ദിവസത്തെ അവധി ലഭിക്കും. തിങ്കളാഴ്ച ജോലി പുനരാരംഭിക്കാം. റമദാൻ അവസാനിക്കുന്നതിനെ അടയാളപ്പെടുത്തുന്ന ഈദുൽ ഫിത്വർ ഇസ്ലാം വിശ്വാസികളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.
ഈദുൽ അദ്ഹ, അഥവാ ബലിപെരുന്നാള് ജിസിസി ലോകത്ത് 2026-ലെ ഏറ്റവും ദീർഘമായ പൊതു അവധി നൽകുമെന്നാണ് കണക്കാക്കുന്നത്. അറഫ ദിനം മേയ് 26 ചൊവ്വാഴ്ചയും ഈദുൽ അദ്ഹ മേയ് 27 ബുധനാഴ്ചയുമായിരിക്കുമെന്നാണ് പ്രവചനം. അവധി മേയ് 29 വെള്ളി വരെ തുടരും.
വാരാന്ത്യങ്ങളായ ശനി-ഞായർ ദിവസങ്ങൾ കൂടി ചേർക്കുമ്പോള് മൊത്തം ആറ് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഹജ്ജ് തീർഥാടനത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദുൽ അദ്ഹ ദുല്ഹിജ്ജ് മാസത്തിലെ 9 മുതൽ 12 വരെ ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. എല്ലാ ഇസ്ലാമിക ആഘോഷങ്ങളേയും പോലെ ഈദ് തീയതികളും ഔദ്യോഗികമായ മാസപ്പിറവി ആശ്രയിച്ചിരിക്കും എന്നുള്ളത് പ്രത്യേകം ഓർക്കുക. ഇത് അടിസ്ഥാനമാക്കി ഓരോ ആഘോഷ തിയതികളും അധികൃതർ കൃത്യമായി സ്ഥിരീകരിക്കും. എന്നിരുന്നാലും മേല്സൂചിപ്പിച്ചത് പോലുള്ള പ്രവചനങ്ങൾ ലീവ്, യാത്ര, കുടുംബവുമൊത്തുള്ള ആഘോഷങ്ങൾ എന്നിവ ആസൂത്രണം ചെയ്യാൻ ആളുകള്ക്ക് സഹായകരമായി മാറും.