നാടുകടത്തപ്പെട്ട വ്യക്തികളുടെ വിവരങ്ങളും വിരലടയാളങ്ങളും പരസ്പരം കൈമാറുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം കുവൈത്തും യുഎഇയും ഔദ്യോഗികമായി ആരംഭിച്ചു. സംയുക്ത സുരക്ഷാ പദ്ധതി കരാറിന്റെ ഭാഗമായാണ് സംരംഭം. രണ്ടു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജന്സികള് തമ്മിലുള്ള സുരക്ഷാ ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
ഇനി മുതല് കുവൈത്തില്നിന്ന് നാടുകടത്തപ്പെടുന്നവര്ക്ക് യുഎഇയിലേക്കോ തിരിച്ചോ പ്രവേശിക്കാന് കഴിയില്ല എന്നതാണ് കരാറിന്റെ പ്രധാന പ്രത്യേകത. പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളോ താമസ നിയമ ലംഘനങ്ങളോ നടത്തിയ ശേഷം മറ്റു രാജ്യങ്ങളിലെ അതിര്ത്തിയിലൂടെ വീണ്ടും പ്രവേശിക്കുന്നത് തടയാന് ഈ സംവിധാനം ലക്ഷ്യമിടുന്നു. പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കുടിയേറ്റ നിയമങ്ങള് കര്ശനമാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്.
ട്രാഫിക് പിഴകള് അടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടുന്നതിനായി ട്രാഫിക് സംവിധാനങ്ങള് ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നാടുകടത്തുന്നവരുടെ വിവരങ്ങള് ഇരു രാജ്യങ്ങളും പരസ്പരം കൈമാറും. നിലവില് ലഹരിമരുന്ന് കേസുകളില് നാടുകടത്തപ്പെട്ടവര്ക്ക് മാത്രമാണ് ജിസിസി വിലക്ക് ഉള്ളത്. എന്നാല്, പുതിയ കരാര് നിലവില് വരുന്നതോടെ മറ്റ് കേസുകളില് നാടുകടത്തപ്പെട്ടവര്ക്കും യാത്രാവിലക്ക് വരും. ഇതോടെ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏകോപനം കൂടുതല് ശക്തമാകുമെന്നും മേഖലയിലെ നിയമപരമല്ലാത്ത കുടിയേറ്റങ്ങള്ക്ക് കടിഞ്ഞാനിടാനാകുമെന്നുമാണ് പ്രതീക്ഷ.
Content Highlights: UAE, Kuwait share deportee data, to prevent entry of criminals