മൻസൂർ പള്ളൂരിന്റെ 'അറബിയുടെ അമ്മ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജയിൽ നടന്നു

നിറഞ്ഞ സദസിനെ സാക്ഷി നിർത്തിയാണ് കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ പ്രസിദ്ധീകരിച്ചത്

ഷാർജ: പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ധനും സിനിമാ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ പ്രകാശനം ചെയ്തു. ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപന ദിവസത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീമീന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞ സദസിനെ സാക്ഷി നിർത്തിയാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ പ്രസിദ്ധീകരിച്ചത്. കേരളവും മലയാളികളുമായുള്ള തന്റെ ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ അഡ്വ. സി കെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു. മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്കുവെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അതുകൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി.

മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള 'ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്' എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യ എഐ സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.

ഒമാനിൽ നിന്നുള്ള സിദ്ദിഖ് ഹസൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി ആർ പ്രകാശ്, അഡ്വ. ആർ ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു.

Content Highlight; Mansoor Pallur's book 'Arabiyude Amma' was launched in Sharjah

To advertise here,contact us