കുവൈത്തില് നിന്ന് മലബാര് മേഖലയിലേക്കും തിരിച്ചമുള്ള എയര് ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സര്വീസുകള് നിര്ത്തിവെച്ച് ദിവസങ്ങള് പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന് നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി പ്രവാസികള്. എയര് ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റില് ഇപ്പോഴും കണ്ണൂര്, കോഴിക്കോട് മേഖലയിലേക്കും തിരിച്ചും നേരിട്ടുള്ള സര്വീസുകള് ലഭ്യമല്ലെന്നാണ് കാണിക്കുന്നത്.
നേരിട്ടുള്ള വിമാന സര്വീസ് ഇല്ലാതായതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദുരിതം വലിയ തോതില് വര്ദ്ധിച്ചതായി പ്രവാസികള് പറയുന്നു.എയര് ഇന്ത്യ എക്സപ്രസിന്റെ നടപടി വിമാന ടിക്കറ്റ് നിരക്ക് വര്ദ്ധനവിനും കാരണമായിട്ടുണ്ട്. കണക്ഷന് ഫ്ലൈറ്റുകള്ക്ക് പോലും ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്ധിച്ചു. കണക്ഷന് ഫ്ലൈറ്റുകള്ക്കായി നാല് മണിക്കൂറിലധികം മറ്റു വിമാനത്താവളങ്ങളില് കാത്തിരിക്കേണ്ട സാഹചര്യവും നിലവിലുണ്ട്. ഈ മാസം ഏഴിന് കുവൈത്തില് എത്തുന്ന മുഖ്യമന്ത്രിയോട് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള് ഉന്നയിക്കാണ് പ്രവാസി സംഘടനകളുടെ തീരുമാനം.