സൗദി അറേബ്യയിലുടനീളം നാളെ മുന്നറിയിപ്പ് സൈറണ് മുഴങ്ങും.അപകട മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പരീക്ഷണാടിസ്ഥാനത്തിലായണ് സൈറന് മുഴക്കുന്നതെന്നും ജനങ്ങള് ആശങ്കപ്പെടേണ്ടതില്ലെന്നും സിവില് ഡിഫന്സ് വിഭാഗം അറിയിച്ചു..
നാളെ പ്രാദേശിക സയമയം ഉച്ചക്ക് ഒരു മണിക്കാകും സൗദി അറേബ്യയിലെ വിവിധ മേഖലകളില്മുന്നറിയിപ്പ് സൈറണ് മുഴങ്ങുക..മൊബൈല് ഫോണ് വഴിയുള്ള ഏര്ലി വാണിങ് സംവിധാനമാണ് പരീക്ഷിക്കുന്നതെന്ന് സിവില് ഡിഫന്സ് വിഭാഗം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില് ജനങ്ങള്ക്ക് മുന്കൂട്ടി മുന്നറിയിപ്പ് നല്കുന്നതിനുള്ള നാഷനല് ഏര്ലി വാണിങ് പ്ലാറ്റ്ഫോമിന്റെ നേതൃത്വത്തിലാണ് പരിപാടി.
റിയാദ് മേഖലയില് ദിരിയ, അല് ഖര്ജ്, അല് ദിലം എന്നിവിടങ്ങളിലും തബൂക്ക് മേഖലയിലെ എല്ലാ ഗവര്ണറേറ്റുകളിലും, മക്ക മേഖലയിലെ ജിദ്ദ, തുവല്, ഗവര്ണറേറ്റുകളിലും സൈറണ് പരീക്ഷണം നടക്കും. പരീക്ഷണ സമയത്ത് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശങ്ങള് ശ്രദ്ധിക്കണമെന്നും സൈറണ് ശബ്ദം കേട്ടാല് ഭയപ്പെടാതെ, അത് പരീക്ഷണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണമെന്നും അധികൃതര് അറിയിച്ചു. അതേസമയം അടിയന്തിരാവസ്ഥകളില് സര്ക്കാര് നല്കുന്ന ഔദ്യോഗിക ചാനലുകള് വഴിയുള്ള നിര്ദേശങ്ങള് പാലിക്കണമെന്നും നിര്ദേശത്തില് പറയുന്നു.