ഒമ്പത് മാസത്തിൽ 10 കോടിയിലേറെ യാത്രക്കാർ; റിയാദ് മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ഗതാഗതത്തിനായി വലിയൊരു വിഭാഗം താമസക്കാരും മെട്രോയെ ആശ്രയിക്കുന്നു

റിയാദ് മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഒമ്പത് മാസത്തിനിടെ 10 കോടിയിലേറെ യാത്രക്കാരാണ് റിയാദ് മെട്രോ വഴി യാത്ര ചെയ്തത്. വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഒന്‍പത് മാസത്തിനിടെ പത്ത് കോടി യാത്രക്കാരെയാണ് റിയാദ് മെട്രോ വരവേറ്റത്.

ചരിത്രത്തിന്റെ ട്രാക്കിലൂടെയാണ് റിയാദ് മെട്രോ കുതിക്കുന്നത്. ഗതാഗതത്തിനായി വലിയൊരു വിഭാഗം താമസക്കാരും മെട്രോയെ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ്. ബ്ലൂ ലൈന്‍ വഴിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്. ഏകദേശം 46.5 ദശലക്ഷം ആളുകളാണ് ഒന്‍പത് മാസത്തിനിടെ ഇതുവഴി യാത്ര ചെയ്തത്.

17 ദശലക്ഷം യാത്രക്കാരുമായി റെഡ് ലൈന്‍ രണ്ടാം സ്ഥാനത്തും 12 ദശലക്ഷം യാത്രക്കാരുമായി ഓറഞ്ച് ലൈന്‍ മൂന്നാം സ്ഥാനത്തുമാണ്. ഖസര്‍ അല്‍ഹുക്ക്, കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്റര്‍, എസ്ടിസി, നാഷനല്‍ മ്യൂസിയം എന്നിവയാണ് ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍. ആകെയുളള യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനത്തിലധികവും ഇവിടെ നിന്നാണ്.

സൗദിയുടെ തലസ്ഥാനത്ത് 176 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ശൃംഖലയാണ് റിയാദ് മെട്രോ. തലസ്ഥാന നഗരിയിലെ യാത്രാ കുരുക്കിനും മെട്രോ സര്‍വീസ് വലിയ ആശ്വാസം പകരുന്നു. മെട്രോ ശൃംഖല കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Content Highlights: Riyadh Metro surpasses 100m passengers in under 9 months

To advertise here,contact us