പ്രവാസി മലയാളികള്ക്കായി ആരോഗ്യ ഇന്ഷുറന്സ് പദ്ധതി ഏര്പ്പെടുത്താൻ കേരള സർക്കാർ. രാജ്യത്തെ വിവിധ ആശുപത്രികളില് ചികില്സ ഉറപ്പാക്കുന്നതാണ് പദ്ധതി. സംസ്ഥാന സര്ക്കാരും നോര്ക്കയും ചേര്ന്നാണ് നോര്ക്ക കെയര് എന്ന പേരില് ആരോഗ്യ അപകട ഇന്ഷുറന്സ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസികളുടെ ദീര്ഘകാലമായുള്ള ആവശ്യമാണ് പുതിയതായി നടപ്പിലാക്കുന്ന ആരോഗ്യ അപകട ഇന്ഷുറന്സ് പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്. വിദേശ രാജ്യങ്ങളില് ജോലി ചെയ്യുന്ന എല്ലാ മലയാളികള്ക്കും പദ്ധതിയില് അംഗമാകാം. പഠനാവശ്യങ്ങള്ക്കായി വിവിധ വിദേശരാജ്യങ്ങളില് ഉള്ളവരെയും പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയില് അംഗമാകുന്നവര്ക്ക് ഇന്ത്യയിലെ 12,000 ആശുപത്രികളില് ചികിത്സ തേടാനാകും.
7,500 രൂപയാണ് ഒരാള് വാര്ഷിക പ്രീമിയമായി അടക്കേണ്ടത്. ഭര്ത്താവും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബ ഇന്ഷുറന്സിന് ഒരു വര്ഷം 13,275 രൂപ നല്കണം. രണ്ടില് കൂടുതല് കുട്ടികളുണ്ടെങ്കില് ഓരോ കുട്ടിക്കും 4,130 രൂപ അധികമായി ഈടാക്കും. 25 വയസില് താഴെയുള്ള കുട്ടികളെയാണ് കുടുംബ ഇന്ഷുറന്സിന്റെ പരിധിയില് ഉള്പ്പെടുത്തിയിരിക്കുന്നത്.
കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില് ജീവിക്കുന്നവര്ക്കും വിദേശ രാജ്യങ്ങളില് ജോലി ചെയ്യുന്നവര്ക്കുമാണ് പദ്ധതിയില് അംഗമാകാന് കഴിയുക. പ്രവാസികളില് നോര്ക്ക പ്രവാസി ഐഡി കാര്ഡ് ഉള്ളവര്ക്കും സ്റ്റുഡന്റ് ഐഡി കാര്ഡ് ഉള്ളവര്ക്കും പദ്ധതിയുടെ ഭാഗമാകാം. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് പദ്ധതിയില് ഉള്പ്പെടുത്തിയിരിക്കുന്നത്. പ്രവാസികള്ക്ക് 70 വയസുവരെ ഇന്ഷുറന്സ് പരിരക്ഷ ലഭിക്കും. നിലവിലുള്ള രോഗങ്ങള്ക്കും ഇന്ഷുറന്സ് ലഭ്യമാക്കുന്നതാണ് പദ്ധതി.
Content Highlights: Kerala government offers health insurance to expatriates