ദുബായിൽ പാർക്കിൻ കമ്പനിയുടെ സേവനം കൂടുതൽ മേഖലകളിലേക്ക്; കൂടുതൽ‌ കരാറുകൾ ലഭിച്ചു

ദുബായ് ഹോള്‍ഡിംഗിസിന്റെ ഉടമസ്ഥതയിലുള്ള കൂടുതല്‍ സ്ഥലങ്ങളിലെ പാര്‍ക്കിങ് പ്രവര്‍ത്തിപ്പിക്കുന്നതിനാണ് പാര്‍ക്കിന്‍ കമ്പനിയുമായി കരാര്‍

ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പണമടച്ചുള്ള പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നു. ദുബായ് ഹോള്‍ഡിംഗ്സിന്റെ നിയന്ത്രണത്തിലുള്ള 30,000ത്തോളം പാര്‍ക്കിങ് സ്ഥലങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പാര്‍ക്കിന്‍ കമ്പനിയ്ക്ക് കരാര്‍ നല്‍കി. ദുബായ് ഹോള്‍ഡിംഗിസിന്റെ ഉടമസ്ഥതയിലുള്ള കൂടുതല്‍ സ്ഥലങ്ങളിലെ പാര്‍ക്കിങ് പ്രവര്‍ത്തിപ്പിക്കുന്നതിനാണ് പാര്‍ക്കിന്‍ കമ്പനിയുമായി കരാര്‍. പുതിയതായി 29,600 സ്ഥലങ്ങള്‍ കൂടി പാര്‍ക്കിന്‍ കമ്പനി നിയന്ത്രിക്കും. ഇതോടെ ദുബായ് ഹോള്‍ഡിംഗ്സിന് കീഴിലുള്ള 50,400 പാര്‍ക്കിങ് സ്ഥലങ്ങള്‍ പാര്‍ക്കിന്‍ കമ്പനിയുടെ നിയന്ത്രണത്തിലാകും.

നൂതനമായ സേവനങ്ങളിലൂടെ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കരാര്‍. തടസ്സരഹിതമായി വേഗത്തില്‍ പാര്‍ക്കിങ് നടത്തുന്നതിനും പണം അടക്കുന്നതിനുള്ള സാങ്കേതിക സംവിധാനം പാര്‍ക്കിന്‍ കമ്പനി ലഭ്യമാക്കും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പാര്‍ക്കിന്‍ കമ്പനി സിഇഒ മുഹമ്മദ് അബ്ദുള്ള അല്‍ അലി പറഞ്ഞു.

ദുബായിലെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പദ്ധതികളാണ് പാര്‍ക്കിന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി താമസകാര്‍ക്കായി വ്യത്യസ്ത പാക്കേജുകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ക്കിങ് കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന ഒമ്പത് വ്യത്യസ്ത പാക്കേജുകളാണ് താമസക്കാര്‍ക്കായി അവതരിപ്പിച്ചത്.

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള പാക്കേജുകള്‍ തെരഞ്ഞെടുക്കാന്‍ താമസക്കാര്‍ക്ക് കഴിയും. പ്രതിദിന യാത്രക്കാര്‍ക്കും റെസിഡന്‍ഷ്യല്‍ ഏരിയകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള ആളുകള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നടപടി. വിദ്യാര്‍ഥികള്‍ക്ക് 80% വരെ കിഴിവ് ലഭിക്കുന്ന പാക്കേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മാസം - 100ദിര്‍ഹം, മൂന്ന് മാസം - 300 ദിര്‍ഹം, ആറ് മാസം - 600 ദിര്‍ഹം, 12 മാസം - 1,200 ദിര്‍ഹം എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ക്കായുളള പാക്കേജ്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും വേണ്ടി പ്രത്യേക പക്കേജും അവതരിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്ന് 500 മീറ്റര്‍ ചുറ്റളവിലുള്ള പാര്‍ക്കിംഗ് ഏരിയകൾ ഇവര്‍ക്ക് ഉപയോഗിക്കാം. ഒരു മാസം - 100 ദിര്‍ഹം, മൂന്ന് മാസം - 300 ദിര്‍ഹം, ആറ് മാസം - 600 ദിര്‍ഹം, 12 മാസം - 1,200 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍.

എ, ബി, സി, ഡി എന്നീ സോണുകളിലെ റോഡ്‌സൈഡ് പാര്‍ക്കിങ് സ്ഥലങ്ങളിലും തിരഞ്ഞെടുത്ത പ്ലോട്ടുകളിലും പാര്‍ക്ക് ചെയ്യുന്നതിനും പ്രത്യേക പാക്കേജുകള്‍ ഉണ്ട്. റോഡ്‌സൈഡ് പാര്‍ക്കിങ്ങില്‍ തുടര്‍ച്ചയായി നാല് മണിക്കൂറും പ്ലോട്ടുകളില്‍ 24 മണിക്കൂര്‍ വരെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

സിലിക്കണ്‍ ഒയാസിസിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള പാക്കേജ്, ദുബായ് ഹില്‍സ് ഏരിയയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മാത്രമായി രൂപകല്‍പ്പന ചെയ്ത പാക്കേജ്, വാസില്‍ പബ്ലിക് പാര്‍ക്കിങ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാക്കേജ് തുടങ്ങിയവും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ക്കിങ് സബ്സ്‌ക്രിപ്ഷന്‍ മൂന്നാം കക്ഷിക്ക് കൈമാറാന്‍ പാടില്ലെന്നും നിയമലംഘനങ്ങള്‍ നടത്തിയാല്‍ സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്നും പാര്‍ക്കിൻ കമ്പനി അറിയിച്ചു.

Content Highlights: Parkin Company expands its services to more areas in Dubai

To advertise here,contact us