വിനോദസഞ്ചാരികളെ ആകർഷിച്ച് ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ; നാല് വർഷത്തിനുള്ളിൽ 40 ലക്ഷം സന്ദർശകർ

പരമ്പരാഗത മ്യൂസിയങ്ങളെക്കുറിച്ചുള്ള ചിന്താഗതികളെ അടിമുടി മാറ്റുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍

ലോകത്തിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ നാല് വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശിച്ചത് 40 ലക്ഷത്തിലേറെ സഞ്ചാരികൾ. സഞ്ചാരികളെ മാടി വിളിക്കുകയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദ കേന്ദ്രം എന്നറിയിപ്പെടുന്ന ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍. മ്യൂസിയം തുറന്നത് മുതല്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.

2022 ഫെബ്രുവരി 22-നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തത്. ഭാവിയുടെ രൂപകല്പനയും സൃഷ്ടികളും ഒരു കെട്ടിടത്തിനുള്ളില്‍ ഒരുക്കാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് മ്യൂസിയം നിര്‍മിച്ചത്. പരമ്പരാഗത മ്യൂസിയങ്ങളെക്കുറിച്ചുള്ള ചിന്താഗതികളെ അടിമുടി മാറ്റുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍.

ഭാവിയെക്കുറിച്ചുള്ള ദുബായിയുടെ കാഴ്ചപ്പാടുകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കാന്‍ നിര്‍മിത ബുദ്ധി, റോബോട്ടുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഇവിടെ സജ്ജമക്കിയിരിക്കുന്നത്. 77 മീറ്റര്‍ ഉയരത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന മ്യൂസിയം ലോകത്തിലെ തന്ന പ്രധാന ടൂറിസം കേന്ദ്രമായി ഇതിനകം മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യ, സംരംഭകത്വം, സമ്പദ് വ്യവസ്ഥ, ബഹിരാകാശം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്ര പരിപാടികള്‍ക്കും മ്യൂസിയം വേദിയായി.

Content Highlights: Museum of the Future Reaches 4 Million Visitors

To advertise here,contact us