നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ എം അനിരുദ്ധന്‍ അന്തരിച്ചു

വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാനയ്ക്ക് 1983 ല്‍ രൂപം നല്‍കിയത് ഡോ അനിരുദ്ധനാണ്.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ലോക കേരള സഭ അംഗവും വ്യവസായിയും ശാസ്ത്ര ഗവേഷകനും വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായ ഡോ എം അനിരുദ്ധന്‍ അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്. വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാനയ്ക്ക് 1983 ല്‍ രൂപം നല്‍കിയത് ഡോ അനിരുദ്ധനാണ്.

പോഷക ഗവേഷണ, ഉത്പാദന രംഗത്തും പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ അനിരുദ്ധൻ. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തിന് സഹായമെത്തിക്കുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.

നിരവധി ഭക്ഷ്യോത്പാദന കമ്പനികളുടെ കണ്‍സല്‍ട്ടന്റായിരുന്നു. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ഫുഡ് ലേബല്‍ റെഗുലേറ്ററി കമ്മിറ്റിയിലും അംഗമായിരുന്നു. അമേരിക്കയിലെ നാഷണല്‍ ഫുഡ് പ്രൊസസേഴ്സ് അസോസിയേഷന്‍ മികച്ച റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

കൊല്ലം എസ്എന്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം രസതന്ത്രത്തില്‍ ഗവേഷണത്തിനായി 1973-ല്‍ അമേരിക്കയിലെത്തി. ടെക്സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയില്‍ ആണവ രസതന്ത്രം (ന്യൂക്ലിയര്‍ കെമിസ്ട്രി) അധ്യാപകനായിരിക്കെ ന്യൂട്രീഷ്യന്‍ മേഖലയിലേക്ക് തിരിഞ്ഞു.

പിന്നീട് ഈ വിഷയത്തിലും പിഎച്ച്ഡി എടുത്തു. ലോകത്തിലെ ഏറ്റവും വലിയ പോഷകാഹാര ഉത്പാദകരായ സാന്‍ഡോസിന്റെ ഗവേഷണവിഭാഗം തലവനായി 10 വര്‍ഷം പ്രവര്‍ത്തിച്ചു. കുട്ടികള്‍ക്കായുള്ള പോഷകങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഗവേഷണം നടത്തി. പിന്നീട് സ്വന്തമായി വ്യവസായ ശൃംഖല സ്ഥാപിച്ചു. സാന്‍ഡോസിന് വേണ്ടി സ്‌പോര്‍ട്സ് ന്യൂട്രീഷ്യന്‍ ഉത്പന്നമായ ഐസോ സ്റ്റാര്‍ വികസിപ്പിച്ചെടുത്തത് അനിരുദ്ധന്‍ അടങ്ങുന്ന സംഘമാണ്. ഭാര്യ: നിഷ. മക്കള്‍: ഡോ. അനൂപ്, അരുണ്‍.

Content Highlights: Dr. M. Anirudhan, Director of Norka Roots passes away

To advertise here,contact us