സൗദി യാത്രയ്ക്കിടെ ചെക്‌പോയിന്റില്‍ വാഹനമിടിച്ച് മരണം; പ്രവാസി മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുവൈറ്റില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ ചെക്‌പോയിന്റില്‍ വാഹനമിടിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തൃശൂര്‍ കോട്ടപ്പുറം സ്വദേശി പള്ളിയമക്കല്‍ ജയന്‍ പി ബാലന്‍ (54) ആണ് മരിച്ചത്. കുവൈറ്റില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കുവൈറ്റില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

ഏപ്രില്‍ 27നായിരുന്നു അപകടം. കുവൈറ്റില്‍ നിന്നും സൗദിയിലേക്ക് ട്രെയിലറുമായി പോകവെ, റിയാദ്-മദീന റോഡില്‍ അല്‍ ഖസീമിനടുത്തുള്ള ചെക്ക് പോയിന്റില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. വാഹനം നിര്‍ത്തി രേഖകള്‍ പരിശോധനയ്ക്ക് നല്‍കാനായി റോഡ് മുറിച്ച് കടക്കവെ അതിവേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ഉടന്‍ ആശുത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 23 വര്‍ഷമായി ജയന്‍ കുവൈറ്റിലെ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയില്‍ ഡ്രൈവറാണ്. ബാലന്‍ നാരായണന്‍, കല്ലു ബാലന്‍ എന്നിവരാണ് മാതാപിതാക്കള്‍. സീന ജയനാണ് ഭാര്യ. നവ്യ, ആദില്‍ എന്നിവര്‍ മക്കളാണ്. ജയന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Content Highlights: Malayali Expatriate Died In Accident

To advertise here,contact us