ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിനിടെ ദുബായിൽ ഗതാഗത നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ്. 4420 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു.
അശ്രദ്ധമായ ഡ്രൈവിംഗ്, റോഡ് സ്റ്റണ്ടുകൾ എന്നിവ മുതൽ അനധികൃത പരേഡുകൾ തുടങ്ങിയ നിയമ ലംഘനങ്ങൾ മൂലം 94 കാറുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം കുറ്റവാളികൾക്ക് കർശനമായ ശിക്ഷയും വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ പിഴയും നൽകേണ്ടി വരും.
അതേസമയം യുഎഇ 52-ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് എമിറേറ്റുകളില് ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴയിൽ ഇളവുണ്ടായിരിക്കുന്നതാണെന്നാണ് അധികൃതർ അറിയിച്ചത്. റാസൽഖൈമയിൽ പൊതുപിഴകൾക്കും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.