കോപ് 28 ഉച്ചകോടി; സമുദ്ര നിരപ്പ് ഉയരുമെന്ന് യുഎൻ കാലാവസ്ഥ മുന്നറിയിപ്പ്

ദുബായിലെ എക്സ്പോ വേദിയിൽ പുരോഗമിക്കുന്ന കാലാവസ്ഥ ഉച്ചകോടി രണ്ടാം ആഴ്ചയിലേക്ക് കടന്നു.

ദുബായ്: ആഗോള താപനം രണ്ട് വർഷത്തിനുള്ളിൽ കുറച്ചിട്ടില്ലെങ്കിൽ സമുദ്ര നിരപ്പ് 10 മീറ്റർ ഉയരുമെന്ന് യുഎൻ കാലാവസ്ഥ മേധാവിയുടെ മുന്നറിയിപ്പ്. രണ്ടു വർഷത്തിനുള്ളിൽ ആഗോള താപനം ഒന്നര ഡിഗ്രി കുറക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് വലിയ നാശത്തിന് കാരണമാകുമെന്നാണ് യുഎൻ കാലാവസ്ഥാ വിഭാഗം എക്സിക്യൂട്ടിവ് സെക്രട്ടറി സൈമൺ സ്റ്റീൽ പറയുന്നത്. ദുബായിലെ എക്സ്പോ വേദിയിൽ പുരോഗമിക്കുന്ന കാലാവസ്ഥ ഉച്ചകോടി രണ്ടാം ആഴ്ചയിലേക്ക് കടന്നു.

1.5 ഡിഗ്രി എന്ന പരിധി പിന്നിട്ടാൽ, നമുക്ക് ഭൂമിയെ തിരിച്ചു പിടിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. മഞ്ഞുപാളികൾ വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലോകമെമ്പാടും 10 മീറ്റർ സമുദ്രനിരപ്പ് ഉയരും. ഇത് മിക്ക തീരദേശ നഗരങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കും. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാകും. കൂടാതെ, ലക്ഷക്കണക്കിനാളുകൾക്ക് ഉപജീവനവും എല്ലാ സംവിധാനങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ടെനന്നും യുഎൻ കാലാവസ്ഥാ വിഭാഗം മേധാവി വ്യക്തമാക്കി.

ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ഇനി ജബൽ അലിയിൽ

കോപ് 28 ഉച്ചകോടി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കെ, ഫോസിൽ ഇന്ധനം കുറക്കുന്നത് സംബന്ധിച്ച ചർച്ചകളും സജീവമായിരിക്കുകയാണ്. ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ ഫോസിൽ ഇന്ധനം ഘട്ടം ഘട്ടമായി കുറക്കുന്നതിന് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫോസിൽ ഇന്ധനത്തിന്റെ ഘട്ടം ഘട്ടമായ കുറക്കൽ അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം ഉച്ചകോടി അധ്യക്ഷനും യുഎഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ സുൽത്താൻ അൽ ജാബിർ പറഞ്ഞിരുന്നു. ഉച്ചകോടി 12ന് അവസാനിക്കാനിരിക്കെ അടുത്ത ദിവസങ്ങളിൽ ഫോസിൽ ഇന്ധനം സംബന്ധിച്ച നിലപാടിൽ കൂടുതൽ സംവാദങ്ങൾക്ക് സമ്മേളനം വേദിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

To advertise here,contact us