പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ സായുധ ആക്രമണ ഭീഷണിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബഹ്റൈനിലുള്ള അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. നവംബർ 15-ന് പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിലാണ് അടിയന്തര സാഹചര്യങ്ങൾ, വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമാതിർത്തി അടയ്ക്കൽ, യാത്രാ തടസ്സങ്ങൾ എന്നിവ നേരിടാൻ പൗരന്മാർ തയ്യാറായിരിക്കണമെന്ന് മനാമയിലെ യുഎസ് എംബസി അറിയിച്ചത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ മുൻപ് നടത്തിയ ആക്രമണങ്ങൾ സാധാരണക്കാരുടെ മരണത്തിനും വലിയ യാത്രാ തടസ്സങ്ങൾക്കും കാരണമായെന്നും, നിലവിലെ സാഹചര്യം ഏതു നിമിഷവും വഷളായേക്കാമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു.
മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവരും ഇവിടെ നിന്ന് മടങ്ങുന്നവരുമായ അമേരിക്കൻ പൗരന്മാർ വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും ബദൽ യാത്രാ മാർഗ്ഗങ്ങൾ മുൻകൂട്ടി തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്. വിമാന സമയങ്ങളിലെ മാറ്റങ്ങൾ അറിയുന്നതിനായി യാത്രക്കാർ എയർലൈനുകളുമായോ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഫ്ലൈറ്റ് ട്രാക്കർ വഴിയോ നേരിട്ട് ബന്ധപ്പെടണം. അതേസമയം, മനാമയിലെ യുഎസ് എംബസി സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൗരന്മാർക്കുള്ള സേവനങ്ങളും വിസ സേവനങ്ങളും തുടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അമേരിക്കൻ സ്ഥാപനങ്ങൾ, ബിസിനസ് സംരംഭങ്ങൾ, പൗരന്മാർ എന്നിവരെ ഇറാനും ഹൂതികളും അവരെ പിന്തുണയ്ക്കുന്ന മറ്റ് ഗ്രൂപ്പുകളും ലക്ഷ്യമിടാൻ സാധ്യതയുള്ളതിനാൽ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾ, വലിയ ആൾക്കൂട്ടങ്ങൾ, കനത്ത പോലീസ് വിന്യാസമുള്ള സ്ഥലങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. വ്യോമാക്രമണമുണ്ടായാൽ ഗ്ലാസ് വാതിലുകൾക്കും ജനലുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കാനും തകർന്നുവീണ അവശിഷ്ടങ്ങളുടെ അടുത്തേക്ക് പോകാതിരിക്കാനും ശ്രദ്ധിക്കണം. മൊബൈൽ ഫോണുകൾ എപ്പോഴും ചാർജ് ചെയ്തു സൂക്ഷിക്കാനും അടിയന്തര നമ്പറുകൾ കൈവശം വെക്കാനും നിർദ്ദേശമുണ്ട്.
സുരക്ഷാ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 'സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ' (STEP) പേര് രജിസ്റ്റർ ചെയ്യാൻ എംബസി ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കാനും ബഹ്റൈൻ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്കായി മനാമയിലെ യുഎസ് എംബസിയുമായി ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
Content Highlights: The US Embassy in Bahrain has urged American citizens to exercise heightened vigilance amid regional security threats, warning of possible attacks, flight cancellations and airspace closures.