പ്രവാസലോകത്തെ സംഗീതപ്രതിഭകൾക്ക് അവസരം; 'ബഹ്‌റൈൻ ടോപ് സിംഗർ' സംഗീത മത്സരം ആരംഭിക്കുന്നു

ബഹ്‌റൈനിൽ താമസിക്കുന്ന 16 വയസ്സും അതിന് മുകളിലും പ്രായമുള്ള സംഗീതപ്രതിഭകൾക്ക് മത്സരത്തിൽ പങ്കെടുക്കാം

ബഹ്‌റൈനിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിനും അവരുടെ ആലാപനമികവ് പ്രകടിപ്പിക്കുന്നതിന് മികച്ച വേദിയൊരുക്കുന്നതിനുമായി ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന ‘ബഹ്‌റൈൻ ടോപ് സിംഗർ’ സംഗീത മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവാസലോകത്തെ വളർന്നുവരുന്ന ഗായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, അവർക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ അവസരമൊരുക്കുക, സംഗീതരംഗത്ത് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബഹ്‌റൈൻ പ്രതിഭ ഈ സംഗീതമത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തിന്റെ പ്രാഥമിക ഓഡിഷൻ 2026 ഡിസംബർ 11 വെള്ളിയാഴ്ച സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടക്കും. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 18 മത്സരാർത്ഥികൾ 2027 ഫെബ്രുവരി അഞ്ച് മുതൽ ആരംഭിക്കുന്ന വിവിധ ഘട്ടങ്ങളിൽ മാറ്റുരയ്ക്കും. ആറ് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ 2027 മാർച്ച് 12 വെള്ളിയാഴ്ച പൊതുവേദിയിൽ വെച്ച് നടക്കും. പ്രധാനമായും മലയാള ഗാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന മത്സരത്തിൽ, സംഘാടകസമിതി നിർദ്ദേശിക്കുന്ന പ്രത്യേക റൗണ്ടുകളിൽ മറ്റ് ഭാഷകളിലുള്ള ഗാനങ്ങൾ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും. വ്യത്യസ്ത സംഗീതശൈലികളിലുള്ള റൗണ്ടുകളിലൂടെയായിരിക്കും ഗായകരുടെ മികവ് വിലയിരുത്തുക.

ബഹ്‌റൈനിൽ താമസിക്കുന്ന 16 വയസ്സും അതിന് മുകളിലും പ്രായമുള്ള സംഗീതപ്രതിഭകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എന്നാൽ 18 വയസ്സിൽ താഴെയുള്ള മത്സരാർത്ഥികൾക്ക് രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും സമ്മാനമായി ലഭിക്കും.

ബഹ്‌റൈനിലെ കലാസാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബഹ്‌റൈൻ പ്രതിഭയുടെ ഈ പുതിയ ഉദ്യമം വളർന്നുവരുന്ന ഗായകർക്ക് വലിയൊരു അവസരമായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ബഹ്‌റൈനിലെ മുഴുവൻ സംഗീതപ്രതിഭകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Content Highlights: A new opportunity awaits talented singers in the expatriate community as the Bahrain Top Singer music competition gets underway. The contest aims to provide a platform for music enthusiasts to showcase their singing talent.

To advertise here,contact us